ദുബായ്: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന്റെ ഭാഗമായി ദുബായിൽ പ്രധാനപ്പെട്ട ബീച്ചുകൾ ഇന്നലെമുതൽ മുതൽ തുറന്നു. ജെബിആർ, അൽ മംസാർ, ജുമൈറ, ഉം സുക്കീം എന്നീ ബീച്ചുകളാണ് തുറന്നു കൊടുക്കുന്നത്. ദുബായ് മുനിസിപ്പാലിറ്റിയുടെ കർശന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ഗൾഫ് രാജ്യങ്ങളിൽ ദിനംപ്രതി മരണസംഖ്യയും രോഗികളുടെ എണ്ണവും വർദ്ധിക്കുകയാണ്. രോഗവിമുക്തരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവുണ്ട്.
കർഫ്യൂ സമയം ചുരുക്കി
കുവൈറ്റിൽ കർഫ്യൂ സമയം ചുരുക്കി. നാളെ മുതൽ വൈകിട്ട് ആറുതൊട്ട് രാവിലെ ആറുവരെയാണ് കർഫ്യൂ. പൂർണ കർഫ്യൂ നേരത്തെ നിശ്ചയിച്ച പ്രകാരം ഇന്ന് അവസാനിക്കും.
പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ്, ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് എന്നിവർ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ ഭാഗമായാണ് കർഫ്യൂ സമയം ചുരുക്കിയത്. അതേസമയം, കൊവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയുടെ ഭാഗമായി 1500 പ്രവാസി ജീവനക്കാരെ പിരിച്ചുവിടാൻ കുവൈറ്റ് എയർവേയ്സ് ഒരുങ്ങുന്നതായാണ് വിവരം. ഇതിനായുള്ള പദ്ധതി തയ്യാറാക്കിക്കിക്കൊണ്ടിരിക്കുകയാണെന്നും രണ്ടാഴ്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ അന്തിമ രൂപമാകുമെന്നുമാണ് റിപ്പോർട്ടുകൾ.