വാഷിംഗ്ടൺ: ചാനൽ ചർച്ചയ്ക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ചൊല്ലി അവതാരകന്മാർ തമ്മിൽ തർക്കം. ലോക്ക് ഡൗൺ അമേരിക്കൻ സാമ്പത്തിക മേഖലയെ എങ്ങനെ ബാധിച്ചു എന്ന വിഷയത്തിൽ സി.എൻ.ബി.സി ചാനൽ നടത്തിയ ചർച്ചയ്ക്കിടെയാണ് വാർത്താ അവതാരകരായ ആൻഡ്രു റോസ് സോർകിനും ജോ കെർനനും തമ്മിൽ കൊമ്പു കോർത്തത്. കൊവിഡ് കേസുകൾ കുതിച്ചുയരുമ്പോഴും ട്രംപിനെ പ്രകീർത്തിച്ചതും ഒപ്പം സമ്പദ്‌വ്യവസ്ഥ പുരോഗതിയിലാണെന്നുമുള്ള കെർനന്റെ നിലപാടുമാണ് സോർകിനെ ചൊടിപ്പിച്ചത്.
നിങ്ങൾ ഒന്നിനെക്കുറിച്ചും ഭയപ്പെടുന്നില്ല. രാജ്യത്ത് ഒരു ലക്ഷത്തോളം ജനങ്ങൾ മരിച്ചു കഴിഞ്ഞു. നിങ്ങളെല്ലാവരും സുഹൃത്തായ പ്രസിഡന്റിനെ സഹായിക്കാനാണ് ശ്രമിക്കുന്നത് - സോർകിൻ പറഞ്ഞു. ഈ പരിപാടിയിലുടെ എല്ലാ ദിവസവും കെൻനൻ സ്വന്തം പദവി ദുരുപയോഗം ചെയ്‌തെന്നും സോർകിൻ
ആരോപിച്ചു.
എന്നാൽ സോർകിന്റെ നിലപാട് അന്യായമാണെന്നും രാജ്യത്തെ നിക്ഷേപകർക്ക് മാനസിക പിന്തുണ നൽകി സഹായിക്കാൻ മാത്രമാണ് താൻ ശ്രമിച്ചതെന്നും കെർനൻ വിശദീകരിച്ചു. അൽപം നേരം നീണ്ട വാഗ്വാദങ്ങൾക്കൊടുവിൽചർച പുരോഗമിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
ട്രംപിനെ പ്രകീർത്തിച്ച സഹ അവതാകരനെതിരെ ശബ്ദം ഉയർത്തിയ സോർകിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.