trump

വാഷിംഗ്ടൺ: സോ​ഷ്യ​ൽ മീ​ഡി​യ​യെ നി​യ​ന്ത്രി​ക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ട്രം​പി​ന്റെ ര​ണ്ട് ട്വീ​റ്റു​ക​ൾ വ്യാജ വിവരം പങ്കുവയ്ക്കുന്നു എന്ന് ട്വി​റ്റ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പുതിയ ഉത്തരവ്. കൊവിഡ്‌ ബാധിച്ച് 101,000ലധികം പേർ മരിച്ച അമേരിക്കയിൽ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്ന സാഹചര്യത്തിൽ ശ്രദ്ധ തിരിക്കുന്നതിനുള്ള പ്രസിഡന്റിന്റെ ഏറ്റവും പുതിയ ശ്രമമാണിതെന്ന് വിമർശകർ പറഞ്ഞു. പ്രത്യയശാസ്ത്ര സന്തുലിതാവസ്ഥയ്ക്കുള്ള മാനദണ്ഡങ്ങൾ പാലിക്കാത്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ "ശക്തമായി നിയന്ത്രിക്കുകയോ" അടയ്ക്കുകയോ ചെയ്യുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയിരുന്നു.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ട്രംപിന്റെ രണ്ട് ട്വീറ്റുകൾക്കെതിരെയാണ് ട്വിറ്റർ നടപടി സ്വീകരിച്ചത്. തപാൽ ബാലറ്റുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങൾ തിരഞ്ഞെടുപ്പിൽ കൃത്രിമത്വം ലക്ഷ്യമിട്ടാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന്റെ താഴെയാണ് മെയിൽ ബാലറ്റിന്റെ വസ്തുതകൾ അറിയുക എന്ന സന്ദേശം ട്വിറ്റർ കൂട്ടിചേർത്തത്. ഇതിൽ ക്ലിക്ക് ചെയ്താൽ ട്രംപ് ട്വീറ്റ് ചെയ്ത സംഭവത്തെക്കുറിച്ചുള്ള വസ്തുതകൾ ബോദ്ധ്യപ്പെടുത്തുന്ന വാർത്തകൾ കാണാൻ സാധിക്കും.

ആദ്യമായാണ് അമേരിക്കൻ പ്രസിഡന്റിന്റെ ട്വിറ്റിന്,​ ട്വിറ്റർ വസ്തുതാപരിശോധന ആവശ്യപ്പെട്ടത്.