ബീജിംഗ്: ഇന്ത്യയും ചൈനയും തമ്മിൽ നിലനിൽക്കുന്ന അതിർത്തി തർക്കം പരിഹരിക്കാൻ മദ്ധ്യസ്ഥതാശ്രമങ്ങൾ നടത്താമെന്നുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനം ചൈന തള്ളി. തങ്ങൾക്കിടയിലെ പ്രശ്നം പരിഹരിക്കാൻ മൂന്നാമതൊരാളുടെ സഹായം ആവശ്യമില്ലെന്ന് ചൈന വ്യക്തമാക്കി.
ലഡാക്കിൽ ഇന്ത്യയും ചൈനയും സേനാവിന്യാസം നടത്തിയതിന് തൊട്ടുപിന്നാലെയാണ്, പ്രശ്നപരിഹാരത്തിന് ഇടപെടാൻ താൻ തയാറാണെന്ന് ട്രംപ് ബുധനാഴ്ച വ്യക്തമാക്കിയത്. മദ്ധ്യസ്ഥചർച്ചകൾക്ക് താൻ കഴിവും പ്രാപ്തിയുമുള്ളവനാണെന്നായിരുന്നു ട്രംപിന്റെ നിലപാട്. എന്നാൽ, ചൈനീസ് വിദേശകാര്യവക്താവ് സാവോ ലിജിയാൻ, നിലവിലെ പ്രശ്നം പരിഹരിക്കാൻ ഇരുരാജ്യങ്ങൾക്കും മൂന്നാമതൊരാളുടെ സഹായം ആവശ്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. അതിർത്തിത്തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യയ്ക്കും ചൈനയ്ക്കും തങ്ങളുടേതായ സംവിധാനങ്ങളും ആശയവിനിമയ മാർഗങ്ങളുമുണ്ട്. കൂടിയാലോചനകളിലൂടെ പരിഹരിക്കാൻ ഞങ്ങൾക്ക് കഴിവുണ്ട്. മൂന്നാംകക്ഷിയുടെ ഇടപെടൽ ആവശ്യമില്ല. സാവോ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം, ട്രംപിന്റെ വാഗ്ദാനത്തോട് ഇന്ത്യയ്ക്കും അനുകൂല നിലപാടല്ല ഉള്ളത്. സമാധാനപരമായി പ്രശ്നം പരിഹരിച്ചുകൊള്ളാമെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയും വ്യക്തമാക്കിയിരുന്നു.