ബദാം മിൽക്ക് ഷേയ്ക്ക്, ചോക്കളേറ്റ് മിൽക്ക് ഷേയ്ക്ക് ഇതൊക്കെ നമ്മൾ സ്ഥിരം കുടിക്കാറുള്ളതാണ്. എന്നാൽ, ഡേയ്റ്റ്സും കോഫിയുമുണ്ടെങ്കിൽ നമുക്ക് വ്യത്യസ്ഥമായ ഒരു ഷേയ്ക്ക് നമുക്ക് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്നതാണ്.
ഈന്തപ്പഴത്തിന്റെ മധുരവും വറുത്ത് പൊടിച്ച ശുദ്ധമായ കാപ്പിപ്പൊടിയുടെ സുഗന്ധവും കൂടി ചേരുമ്പോൾ വ്യത്യസ്തവും സ്വാദിഷ്ടവുമായ ഒരു ഷേയ്ക്ക് കുടിക്കാൻ കഴിയും എന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട.
ചേരുവകൾ : കുരു കളഞ്ഞ ഈന്തപ്പഴം - 1 കപ്പ് കാപ്പിപ്പൊടി - 10 ടേബിൾസ്പൂൺ പാൽ - 6 കപ്പ് പച്ച ഏലയ്ക്ക - 5 - 6 എണ്ണം പഞ്ചസാര - 3 ടേബിൾസ്പൂൺ ഫ്രഷ് ക്രീം - ¾ കപ്പ് ഐസ് ക്യൂബ് - ആവശ്യത്തിന് തയ്യാറാക്കുന്ന വിധം : ഈന്തപ്പഴം കുരു കളഞ്ഞ് മാറ്റിവെയ്ക്കുക. അതിനുശേഷം വെള്ളം തിളപ്പിക്കുന്ന പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. അതിലേക്ക് വെള്ളവും കാപ്പിപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. അതിലേക്ക് പഞ്ചസാരയും പച്ച ഏലയ്ക്കയും ചേർത്ത് വീണ്ടും നന്നായി ഇളക്കുക.
പഞ്ചസാര വെള്ളത്തിൽ നന്നായി അലിയുന്നത് വരെ ഇത് ചെയ്യുക. അതിനുശേഷം തീ ഓഫാക്കി ആ മിശ്രിതം ചൂടാറാനായി മാറ്റിവെയ്ക്കുക. കുരു കളഞ്ഞ് വെച്ചിരിക്കുന്ന ഈന്തപ്പഴവും കുറച്ച് പാലും ചേർത്ത് മിക്സിയിൽ നന്നായി അടിക്കുക. അതിലേക്ക് ഐസ് ക്യൂബുകളും നേരത്തെ തയ്യാറാക്കി വച്ച കാപ്പിയുടെ മിശ്രിതവും ഫ്രഷ് ക്രീമും ബാക്കിയുള്ള പാലും കൂടി ചേർത്ത് വീണ്ടും നന്നായി അടിച്ച് യോജിപ്പിക്കുക. ഡേയ്റ്റ്സ് കോഫി മിൽക്ക് ഷേയ്ക്ക് തയ്യാറായി കഴിഞ്ഞു.