സംഭവം നടന്നത് 2011ലെ ഏകദിന ലോകകപ്പ് ഫൈനലിൽ
ചെന്നൈ: ഇന്ത്യ ചാമ്പ്യൻമാരായ 2011ലെ ഏകദിന ലോകകപ്പ് ഫൈനലിൽ എം.എസ്.ധോണി രണ്ടാമതും ടോസ് ഇടീപ്പിച്ചതായി അന്നത്തെ റണ്ണറപ്പുകളായ ശ്രീലങ്കയുടെ നായകനായിരുന്ന കുമാർ സംഗക്കാരയുടെ വെളിപ്പെടുത്തൽ.ഇന്ത്യൻ സ്പിന്നർ ആർ. അശ്വിന്റെ ഇൻസ്റ്രഗ്രാം ലൈവ് ചാറ്ര് ഷോയിലാണ് സംഗക്കാര ഇക്കാര്യം വ്യക്തമാക്കിയത്.
ആരവം കാരണം കേട്ടില്ലെന്ന് ധോണി
അന്ന് കലാശപ്പോരാട്ടം കാണാൻ പതിനായിരക്കണക്കിന് ആരാധകരാണ് മുംബയിലെ വാങ്കഡേ സ്‌റ്രേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. കാതടപ്പിക്കുന്ന ആരവം മൂലം അടുത്ത് നിന്ന് സംസാരിച്ചാൽപ്പോലും കേൾക്കാൻ കഴിയാത്ത അവസ്ഥയായിരുന്നുവെന്ന് സംഗ ഓർക്കുന്നു. ആരാധകരുടെ ആരവം കാരണം ആദ്യ തവണ ടോസ് ഇട്ടപ്പോൾ ഞാൻ ഹെഡ്ഡ് വിളിച്ചത് കേട്ടില്ലെന്ന് ധോണി പറഞ്ഞു. എന്നാൽ മാച്ച് റഫറി ഹെഡ്ഡ് എന്ന് ഞാൻ പറഞ്ഞത് കേട്ട് ശ്രീലങ്കയ്ക്ക് ടോസ് എന്ന് പ്രഖ്യാപിച്ചു. ധോണി എതിർത്തു. ഞാൻ ‘ടെയ്ൽ’ അല്ലേ വിളിച്ചതെന്ന് ധോണി ചോദിച്ചു. അല്ല, ഹെഡ് ആണ് വിളിച്ചതെന്ന് ഞാൻ പറഞ്ഞെങ്കിലും
താൻ കേട്ടില്ലെന്ന നിലപാടിൽ തന്നെ ധോണി ഉറച്ചു നിൽക്കുകയായിരുന്നുവെന്ന് സംഗക്കാര പറഞ്ഞു. പിന്നീട് ധോണിയുടെ ആവശ്യപ്രകാരം വീണ്ടും ടോസിടുകയായിരുന്നു. ഇത്തവണയും താൻ ഹെഡ്ഡ് തന്നെ വിളിച്ചെന്നും ടോസ് അങ്ങനെ ശ്രീലങ്കയ്ക്ക് തന്നെ ലഭിക്കുകയായിരുന്നുവെന്നും സംഗ ഓർമ്മിക്കുന്നു. ‘സത്യത്തിൽ അന്ന് ടോസ് ജയിച്ചത് എന്റെ ഭാഗ്യമാണോ എന്നറിയില്ല. അന്ന് ഇന്ത്യക്കായിരുന്നു ടോസെങ്കിൽ അവരും ആദ്യം ബാറ്റിംഗ് തന്നെ തിരഞ്ഞെടുക്കുമായിരുന്നു എന്നാണ് തോന്നുന്നതെന്നും സംഗ അഭിപ്രായപ്പെട്ടു.
ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 274 റൺസാണ് നേടിയത്. ശ്രീലങ്ക ഉയർത്തിയ 275 റൺസിന്റെ വിജയലക്ഷ്യം 10 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ നാലു വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടക്കുകയായിരുന്നു.
അന്ന് വാങ്കഡെയിലെ തിങ്ങിനിറഞ്ഞ ഗാലറിയും ശബ്ദകോലാഹലവും എന്നെ ഞെട്ടിച്ചു.
ശ്രീലങ്കയിൽ ഇത്തരത്തിലൊരു ആരാധകക്കൂട്ടത്തെ ഒരിക്കലും കാണാനാകില്ല. ഈഡൻ ഗാർഡൻസിലും ഞാൻ ഇതേ പ്രശ്നം അനുഭവിച്ചിട്ടുണ്ട്. ആളുകളുടെ ബഹളം കാരണം ഫസ്റ്റ് സ്ലിപ്പിലുള്ളവരോടു പോലും സംസാരിക്കാനാകില്ലെന്നും സംഗ കൂട്ടിച്ചേർത്തു.
ആ ചിരിക്കു പിന്നിലെ വേദന
49–ാം ഓവറിൽ ഹെലികോപ്ടർ ഷോട്ടിലൂടെ സിക്സടിച്ച് ടീമിനെ വിജയത്തിലെത്തിച്ചശേഷം ധോണിയും യുവരാജ് സിങ്ങും ആശ്ലേഷിക്കുമ്പോൾ പിന്നിൽ പുഞ്ചിരിയുമായി നടന്നുപോകുന്ന തന്റെ ചിത്രത്തെക്കുറിച്ചും സംഗ വാചാലനായി.
മത്സരം തോറ്റ നിമിഷത്തിലെ ആ ചിത്രത്തിൽ കാണുന്ന എന്റെ ചിരിക്കു പിന്നിൽ ഒളിപ്പിച്ചുവച്ച വലിയൊരു വേദനയും നിരാശയുമുണ്ട്. 1996 നുശേഷം ലോകകപ്പ് ശ്രീലങ്കയിലെത്താൻ കാത്തിരിക്കുന്ന രണ്ടു കോടി ശ്രീലങ്കക്കാരെ ഓർത്തുള്ള സങ്കടവും വേദനയും നിരാശയുമാണത് – സംഗ വ്യക്തമാക്കി.