തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷാനടത്തിപ്പിന് കേരള സർവകലാശാല സജ്ജമായി. ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ് പരീക്ഷകൾ സർക്കാർ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ജൂൺ 2 മുതൽ 12 വരെ കേരളത്തിലെ എല്ലാ ജില്ലകളിലും ലക്ഷദ്വീപിലുമായി നടത്തും.
ഓരോ സെഷൻ കഴിയുമ്പോഴും പരീക്ഷാഹാളുകൾ അണുവിമുക്തമാക്കും. പരീക്ഷാകേന്ദ്രത്തിലേക്ക് ഒരു പ്രവേശനകവാടം മാത്രമേ അനുവദിക്കുകയുളളൂ. പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരെ അല്ലാതെ ആരെയും അനുവദിക്കില്ല. പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് മാത്രമേ പ്രവേശനം അനുവദിക്കൂ. പരീക്ഷാകേന്ദ്രത്തിന്റെ പ്രവേശനകവാടത്തിൽ സോപ്പും വെളളവും ഉറപ്പാക്കും. വിദ്യാർത്ഥികൾ നിർബന്ധമായും മാസ്ക് ധരിക്കണം. ഹോട്ട്സ്പോട്ടുകൾ/തീവ്രമേഖലകൾ എന്നിവിടങ്ങളിൽ നിന്നു വരുന്നവർക്കും ക്വാറന്റൈനിലുളളവർക്കും പരീക്ഷയെഴുതാൻ പ്രത്യേക മുറി സജ്ജീകരിക്കും. പരീക്ഷാഹാളിൽ വിദ്യാർത്ഥികളും ഇൻവിജിലേറ്റർമാരും സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയതിനുശേഷമേ ചോദ്യപേപ്പറും ഉത്തരക്കടലാസ് വിതരണവും നടത്തുകയുളളൂ. വിദ്യാർത്ഥികൾ തമ്മിൽ കുറഞ്ഞത് ഒരു മീറ്റർ അകലമെങ്കിലും പാലിക്കണം. പരീക്ഷാ ഹാളിനുളളിൽ പേന, പെൻസിൽ തുടങ്ങിയവയുടെ കൈമാറ്റം അനുവദിക്കില്ല. കോളേജ്/പരീക്ഷാകേന്ദ്രത്തിന്റെ മുമ്പിലോ പരിസരത്തോ രക്ഷാകർത്താക്കളെ തങ്ങാൻ അനുവദിക്കില്ല. പരീക്ഷ കഴിഞ്ഞയുടൻ വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രത്തിൽ നിന്നു പുറത്തുപോകണം.