മീററ്റ്: സ്ഥിരം ശല്യക്കാരായ ഒരു സംഘം കുരങ്ങുകൾ ലാബ് ടെക്നീഷ്യനെ ആക്രമിച്ച് പരിശോധനാ സാമ്പിളുകളുമായി സ്ഥലംവിട്ടു. സാമ്പിളുകളിൽ കൊവിഡ് രോഗബാധ സംശയിക്കുന്നവരുടേതുമുണ്ടെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഉത്തർപ്രദേശിലെ മീററ്റ് മെഡിക്കൽ കോളേജിലാണ് സംഭവം. തട്ടിയെടുത്ത സാമ്പിളുകളുടെ അടപ്പും മറ്റും മരത്തിൽ കടിച്ചുകൊണ്ടിരിക്കുന്ന കുരങ്ങന്റെ വീഡിയോ വൈറലായിട്ടുണ്ട്.
കുരങ്ങുകൾ ഇവിടെ സ്ഥിരം ശല്യക്കാരും ഉപദ്രവകാരികളുമാണെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറയുന്നു. കുരങ്ങുകൾ സാമ്പിൾ തട്ടിയെടുത്തതായുള്ള വാർത്ത ആശുപത്രിയിലെ ചീഫ് സൂപ്രണ്ട് ഡോ.ധീരജ് ബല്യൻ സ്ഥിരീകരിച്ചു. അന്വേഷണം നടക്കുകയാണെന്ന് മീററ്റ് ജില്ലാ ഓഫീസർ അനിൽ ധിംഗ്ര പറഞ്ഞു.