
തിരുവനന്തപുരം: കൊവിഡ്19 ന്റേയും ലോക്ക്ഡൗണിന്റെയും മറവിൽ കുടിവെള്ളത്തിന് അമിത ബിൽ നൽകി ജനങ്ങളെ പിഴിയാനുള്ള സർക്കാർ നിലപാട് മനുഷ്യത്വരഹിതമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. വെള്ളത്തിനും വെളിച്ചത്തിനുമുള്ള ജനങ്ങളുടെ അവകാശത്തിന്മേലുള്ള കൈയേറ്റമാണ് വാട്ടർ അതോറിട്ടിയുടെയും ഇലക്ട്രിസിറ്റി ബോർഡിന്റെയും അമിത ബില്ലുകൾ. കരുതലും കരുണയും കാണിക്കേണ്ട ദുരന്തകാലത്ത് കുടിവെള്ളത്തിന്റെ പേരിൽ പോലും ജനങ്ങളെ ചൂഷണം ചെയ്യുന്ന സർക്കാർ നിലപാട് വഞ്ചനാപരമാണെന്നും ബില്ലുകൾ പുനർനിർണയിച്ച് നൽകാനുള്ള മര്യാദ സർക്കാർ കാണിക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.