തിരുവല്ല:മക്കളെ കാണാൻ ഭാര്യയോടൊപ്പം ഗൾഫിൽ പോയി തിരിച്ചെത്തിയ തിരുവല്ല സ്വദേശിയായ പച്ചക്കറി മൊത്ത വ്യാപാരി കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യയ്ക്ക് ടിക്കറ്റ് കിട്ടാത്തതിനാൽ ഒറ്റയ്ക്കായിരുന്നു മടക്കയാത്ര.
തിരുവല്ല പെരുംതുരുത്തി പ്രക്കാട് വീട്ടിൽ പി.ടി.ജോഷിയാണ് (65) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇതോടെ കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.
മാർച്ച് 23നാണ് ഭാര്യ ലീലാമ്മയുമായി യു.എ.ഇയിലുള്ള മക്കളെ സന്ദർശിക്കാൻ പോയത്. നാട്ടിലേക്ക് മടങ്ങാൻ ഇരുവരും രജിസ്റ്റർ ചെയ്തെങ്കിലും ജോഷിക്ക് മാത്രമാണ് യാത്രാനുമതി ലഭിച്ചത്. കഴിഞ്ഞ 11ന് മടങ്ങിയെത്തി പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ 18ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രമേഹരോഗം കലശലായതോടെ 25ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. 27 മുതൽ വെന്റിലേറ്ററിലായിരുന്നു. ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവർത്തനം തകരാറിലായതിനെ തുടർന്ന് ഇന്നലെ പുലർച്ചെ രണ്ടരയോടെ മരിച്ചു. ഷാർജയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് കൊവിഡ് ബാധിച്ചതെന്ന് സംശയിക്കുന്നതായി അധികൃതർ പറഞ്ഞു. തിരുവല്ല,ചങ്ങനാശേരി,കോട്ടയം മാർക്കറ്റുകളിലെ പച്ചക്കറി മൊത്ത വ്യാപാരിയായിരുന്നു ജോഷി. മക്കൾ: ലിജോ, ലിജി, ലിജു . മരുമക്കൾ: ജോമോൾ, ലിജോ, ലിബി.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ളായിക്കാട് സെന്റ് ജോസഫ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിച്ചു. യു.എ.ഇയിലുള്ള മൂന്ന് മക്കളും ഭാര്യയും സംസ്കാരചടങ്ങുകൾ ഓൺലൈനിലാണ് കണ്ടത്.