കറാച്ചി: പാകിസ്ഥാനിൽ കഴിഞ്ഞദിവസം തകർന്നുവീണ യാത്രാവിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 3 കോടി രൂപ കണ്ടെടുത്തതായി അധികൃതർ. 99 യാത്രക്കാർ സഞ്ചരിച്ച വിമാനത്തിൽ 9 കുട്ടികൾ ഉൾപ്പെടെ 97 പേരാണ് അപകടത്തെ തുടർന്ന് കൊല്ലപ്പെട്ടത്. 91 പേർ യാത്രക്കാരും എട്ടുപേർ ജീവനക്കാരും ആയിരുന്നു. കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ജനവാസകേന്ദ്രത്തിൽ ലാഹോറിൽ നിന്നും കറാച്ചിയിലേക്ക് പോകുകയായിരുന്ന പികെ-8303 എന്ന വിമാനമാണ് തകർന്നുവീണത്. 2 പേർ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
തകർന്ന വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് ബാഗുകളിൽ നിന്നാണ് വിവിധ രാജ്യങ്ങളിലെ കറൻസികൾ ഉൾപ്പടെ 3 കോടി വിലമതിക്കുന്ന മൂല്യശേഖരം കണ്ടെത്തിയത്. ഇത്രയധികം രൂപ എങ്ങനെയാണ് വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലൂടെ വിമാനത്തിലെത്തിയതെന്ന് അന്വേഷിക്കാനായി ഉത്തരവിട്ടിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. അതേസമയം, മൃതദേഹങ്ങളും ലഗേജുകളും തിരിച്ചറിഞ്ഞ് അവരവരുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും വിട്ടുനൽകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 47 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞതായും ബാക്കി 43 മൃതദേഹങ്ങൾ സംസ്‌കരിക്കാനായി വിട്ടുനൽകിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.