തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 62 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. പാലക്കാട് 14, കണ്ണൂർ 7, തൃശൂർ പത്തനംതിട്ട എന്നീ ജില്ലകളിൽ ആറ് വീതം, മലപ്പുറം തിരുവനന്തപുരം ജില്ലകളിൽ അഞ്ച്, കാസർകോഡ് എറണാകുളം നാല്, ആലപ്പുഴ മൂന്ന്, വയനാട് കൊല്ലം എന്നീ ജില്ലകളിൽ രണ്ട്, കോട്ടയം ഇടുക്കി കോഴിക്കോട് എന്നീ ജില്ലകളിൽ ഒന്ന് എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് 19 രോഗം കണ്ടെത്തിയവരുടെ കണക്കുകൾ. അതേസമയം സംസ്ഥാനത്ത് പത്ത് പേർ രോഗമുക്തി നേടിയിട്ടുണ്ട്.
വയനാട്ടിൽ അഞ്ച്, കോഴിക്കോട് രണ്ട്, കണ്ണൂർ മലപ്പുറം കാസർകോഡ് എന്നീ ജില്ലകളിൽ ഒരാൾക്ക് വീതവുമാണ് രോഗം ഭേദമായിരിക്കുന്നത്, രോഗം സ്ഥിരീകരിച്ചവരിൽ 23 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും 33 പേർ വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരുമാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലൂടെ സംസ്ഥാനത്തെ കൊവിഡ് നിലയെക്കുറിച്ച് വിശദീകരിച്ചത്. ഈ ആഴ്ച മാത്രം സമ്പർക്കത്തിലൂടെ രോഗം വന്നത് 27 പേർക്കാണ്.
രോഗം കണ്ടെത്തിയവരിൽ ഒരു ആരോഗ്യപ്രവർത്തകനും ഉള്ളതായി മുഖ്യമന്ത്രി പറഞ്ഞു. എയർ ഇന്ത്യയുടെ രണ്ട് ജീവനക്കാരിലും കൊവിഡ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് തടവിൽ കഴിയുന്ന രണ്ട് പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്പെഷൻ സബ് ജയിലിലെ തടവുകാരാണ് ഇവർ. ഇതേതുടർന്ന് ജയിൽ ജീവനക്കാരെയും മറ്റ് തടവുകാരെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തടവുകാരുടെ നിരീക്ഷണത്തിനായി ആരോഗ്യ വകുപ്പ് പ്രത്യേകം കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. 100 കൊവിഡ് ടെസ്റ്റിലൂടെ രോഗം കണ്ടെത്തുന്നത് 1.7 ശതമാനം പേർക്കാണ്. മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ 28 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിൽ സമ്പർക്കവ്യാപനം സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണ്. ഈ സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടി വരും. രോഗവ്യാപനത്തിന് സാദ്ധ്യതയുള്ളിടങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ആവശ്യമായി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നതിൽ വല്ലാതെ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
സംസ്ഥാനത്ത് ഇപ്പോൾ സർക്കാർ ആശുപത്രികളിൽ 12191 ഐസലേഷൻ ബെഡുകൾ സജ്ജമാണ്. അതിൽ ഇപ്പോൾ 1080 പേരാണ് ഉള്ളത്. 1296 സർക്കാർ ആശുപത്രികളിൽ 49702 കിടക്കകൾ, 1369 ഐസിയു, 1045 വെന്റിലേറ്റർ എന്നിവയുണ്ട്. സ്വകാര്യ മേഖലയിൽ 866 ആശുപത്രികളിലായി 81904 കിടക്കകളും 6059 ഐസിയു കിടക്കകളും 1578 വെന്റിലേറ്ററുകളും ഉണ്ട്. 851 കൊറോണ കെയർ സെന്ററുകളാണ് ഉള്ളത്. അതുകൊണ്ട് ഇപ്പോൾ രോഗികൾ വർദ്ധിക്കുന്നു എന്നതു കൊണ്ട് വല്ലാതെ പരിഭ്രമിക്കേണ്ടതില്ല. ഇന്ന് സമ്പർക്കം വഴി ഒരാൾക്കാണ് രോഗം വന്നത്. മുഖ്യമന്ത്രി വ്യക്തമാക്കി.
'മാതൃഭൂമി' എംഡി.യും എഴുത്തുകാരനും മുൻ കേന്ദ്രമന്ത്രിയുമായ എം.പി വീരേന്ദ്ര കുമാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് മുഖ്യമന്ത്രി വൈകിട്ടത്തെ വാർത്താസമ്മേളനം ആരംഭിച്ചത്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1150 ആയി. 577 പേർ ചികിൽസയിലുണ്ട്. ഇന്ന് 231 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 62746 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 60448 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. മുഖ്യമന്ത്രി വിശദീകരിച്ചു.