renuka

അടൂർ :അഞ്ചൽ സ്വദേശി ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പടുത്തിയ കേസിലെ പ്രതിയായ ഭർത്താവ് സൂരജിന്റെ കുടുംബാംഗങ്ങൾക്കെതിരെ കേസെടുക്കുന്നതിന് മുന്നോടിയായി റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ. എസ്. പി ആർ. ജോസിനെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ ചുമതലപ്പെടുത്തി.

മാതാവ് രേണുക, സഹോദരി സൂര്യ എന്നിവരെ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം.കഴിഞ്ഞ ദിവസം സൂരജിന്റെ സുഹൃത്തുക്കൾ പൊലീസിന് നൽകിയ മൊഴികളും രേണുകയും സൂര്യയും നൽകിയ വിവരങ്ങളും തമ്മിൽ വൈരുദ്ധ്യമുണ്ട്. സ്ത്രീധന - ഗാർഹിക പീഡന കുറ്റം ചുമത്തി കേസെടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദ കമാൽ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു.

മകളെ സൂരജിന്റെ വീട്ടുകാർ പീഡിപ്പിച്ചിരുന്നതായി ഉത്രയുടെ മാതാപിതാക്കൾ വനിതാ കമ്മിഷന് പരാതി നൽകിയിരുന്നു.