covid

പത്തനംതിട്ട: കൊവിഡ്19 ഭീഷണി നേരിടുന്നതിൽ സംസ്ഥാന സർക്കാരിന് നിയന്ത്രണം നഷ്ടപ്പെട്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. രാജ്യത്ത് ഏറ്റവും കുറച്ച് ടെസ്റ്റുകൾ നടത്തുന്ന സംസ്ഥാനം കേരളമാണ്‌. ദേശീയ ശരാശരിയേക്കാൾ വളരെ താഴെയാണ് പരിശോധനകളുടെ എണ്ണം.
സമ്പർക്കം എതുവഴിയാണ് ഉണ്ടായതെന്ന് കണ്ടുപിടിക്കാൻ പറ്റാത്ത കേസുകളുടെ എണ്ണം വർദ്ധിക്കുകയാണ്. മതിയായ സൗകര്യം ഉണ്ടായിട്ടും പരിശോധനകളുടെ എണ്ണം കുറയ്ക്കുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. ലാഘവത്തോടെ കൈകാര്യം ചെയ്താൽ പ്രളയ കാലത്തെപ്പോലെ ദുരന്തം ഇരട്ടിയാകും.
ക്വാറന്റയിൻ സംവിധാനങ്ങളെക്കുറിച്ച്‌ വ്യപകമായ പരാതികളുണ്ട്. പലയിടത്തും സൗകര്യങ്ങളില്ല. പൊതു ശൗചാലയങ്ങളാണ് ഉള്ളത്.

കേന്ദ്ര സർക്കാരിന് ഏപ്രിൽ 13ന് മുഖ്യമന്ത്രി അയച്ച കത്തിൽ പ്രവാസികൾ മടങ്ങിവന്നാൽ അവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് അവകാശപ്പെട്ടിരുന്നു. ഇപ്പോൾ പറയുന്നു ഹോം ക്വാറന്റയിനാണ് ഉദ്ദേശിച്ചതെന്ന്. പ്രവാസി മലയാളികളെ കേന്ദ്ര സർക്കാരിനെതിരെ തിരിച്ചുവിടുക എന്ന രാഷ്ട്രീയമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി ജില്ലാപ്രസിഡന്റ് അശോകൻ കുളനടയും ഒപ്പമുണ്ടായിരുന്നു.