തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് പരിശോധനയിൽ പോസിറ്റീവാകുന്നവരുടെ തോത് ദേശീയ ശരാശരിയേക്കാൾ താഴെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് പരിശോധിക്കുന്ന 100 പേരിൽ 1.7 ശതമാനം പേർക്ക് മാത്രമാണ് നിലവിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്. എന്നാൽ ദേശീയ ശരാശരി അഞ്ചുശതമാനമാണ്. ഇക്കാര്യത്തിൽ കൊറിയയെയാണ് എല്ലാ ലോകരാജ്യങ്ങളും മാതൃകയാക്കുന്നത്. കൊറിയയുടെ ടെസ്റ്റ് പോസിറ്റീവ് റേറ്റ് രണ്ടുശതമാനത്തിൽ താഴെയാണ്. കേരളം ഇക്കാര്യത്തിൽ നിലവാരം കൈവരിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ മരണനിരക്കും ദേശീയ ശരാശരിയേക്കാൾ താഴെയാണ്. 0.5 ശതമാനമാണ് കേരളത്തിന്റെ കൊവിഡ് മരണനിരക്ക്. ടി.പി.ആറും മരണനിരക്കും ഉയർന്നു നിൽക്കുന്നു എന്നത് കൊണ്ട് അർത്ഥമാക്കുന്നത് പരിശോധനയുടെ കുറവിനെയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വിവിധ തലങ്ങളിൽ 80091 കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. ടെസ്റ്റുകളുടെ എണ്ണത്തിൽ സംസ്ഥാനം മുന്നേറ്റം കാഴ്ചവെച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ഒരു ദശലക്ഷത്തിന് 2035 എന്നതാണ് കേരളത്തിന്റെ പരിശോധന കണക്കുകൾ. കേരളത്തിൽ 71 ടെസ്റ്റ് നടത്തുമ്പോൾ മാത്രമാണ് ഒരു പോസിറ്റീവ് കേസ് കണ്ടെത്തുന്നത്. ദേശീയ ശരാശരി 23 ന് ഒന്ന് എന്ന നിലയിലാണ്. കാര്യക്ഷമമായ പൊതുജനാരോഗ്യം, സമ്പർക്കത്തിലുളളവരെ കണ്ടെത്തൽ, ശാസ്ത്രീയമായ ക്വാറന്റൈൻ എന്നിവയാണ് കേരളത്തിന്റെ നേട്ടത്തിന് കാരണമെന്നും മുഖ്യമന്ത്റി പറഞ്ഞു