india

ന്യൂഡൽഹി: 'ഇന്ത്യ'യെന്ന പരാമർശത്തിന് പകരം 'ഭാരത'മെന്നോ 'ഹിന്ദുസ്ഥാ'ൻ എന്നോ ഇന്ത്യൻ ഭരണഘടനയിൽ തിരുത്ത് കൊണ്ടുവരാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ ഹർജി. ഇങ്ങനെ ചെയ്യുന്നത് ഇന്ത്യൻ ദേശീയത സംബന്ധിച്ച് പൗരന്മാരിൽ അഭിമാനബോധം കൊണ്ടുവരുമെന്നും ഹർജിയിൽ പറയുന്നു. ഇങ്ങനെ ചെയ്യുന്നത് കോളനിവത്കരണ ഭൂതകാലം മറക്കാൻ ഇന്ത്യക്കാരെ സഹായിക്കുമെന്നും ഡൽഹി സ്വദേശിയായ ആൾ താൻ നൽകിയ ഹർജിയിൽ വിശദീകരിക്കുന്നു.

'ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്തൊക്കെ കഷ്ടപ്പാടുകൾ സഹിച്ചാണെന്നത് ഈ പേരുമാറ്റം കൊണ്ട് നീതീകരിക്കാൻ സാധിക്കും. ഭാവി തലമുറയ്ക്കും ഈ പേരുമാറ്റം നിമിത്തം ദേശീയബോധവും രാജ്യത്തെക്കുറിച്ച് അഭിമാനവും ഉണ്ടാകും.ഇംഗ്ളീഷ് ഭാഷയിലെ നാമം വെടിഞ്ഞ് രാജ്യം അതിന്റെ യഥാർത്ഥവും ആധികാരികവുമായ പേര് സ്വീകരിക്കാനുള്ള സമയമായി. പ്രത്യേകിച്ചും ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമായി നഗരങ്ങളുടെ പുനർനാമകരണം ചെയ്യുന്ന സാഹചര്യത്തിൽ' ഹർജിക്കാരൻ പറയുന്നു.

ഭൂപ്രദേശങ്ങളെയും അവയുടെ നാമങ്ങളെയും സംബന്ധിച്ച ഭരണഘടനയിലെ ആർട്ടിക്കിൾ ഒന്നിനാണ് മാറ്റം വരുത്താൻ ഹർജിക്കാരൻ ആവശ്യപ്പെടുന്നത്. 1948ൽ ഭരണഘടനയുടെ രൂപീകരണവേളയിൽ തന്നെ രാജ്യത്തിന്റെ പേര് എന്താവണമെന്നത് സംബന്ധിച്ച് ചർച്ചകളും തർക്കങ്ങളും നടന്നിരുന്നു. രാജ്യത്ത് 'ഭാരതം' എന്നോ 'ഹിന്ദുസ്ഥാൻ' എന്നോ രാജ്യത്തിന് പേര് നൽകണമെന്ന് ഭരണഘടനാ നിർമാണ സമിതിയിലെ ഒരു വിഭാഗം ആവശ്യപ്പെടുകയും ചെയ്തിരുന്നു.