@വീൽചെയറിലും പോരാട്ട വീര്യം
റായ്‌പൂർ: മദ്ധ്യപ്രദേശിൽ കളക്ടറായിരിക്കെ രാജീവ് ഗാന്ധിയുമായി സ്ഥാപിച്ച സൗഹൃദത്തിലൂടെയാണ് അജിത് ജോഗിയുടെ രാഷ്‌ട്രീയ ഭാവി തെളിഞ്ഞത്.
സ്വർണ മെഡലോടെ മെക്കാനിക്കൽ എൻജിനീയറിംഗ് പാസായ ശേഷം കുറച്ചുകാലം കോളേജ് അദ്ധ്യാപകനായി ജോലി ചെയ്‌ത ശേഷമാണ് ജോഗി സിവിൽ സർവീസിൽ എത്തിയത്. ആദ്യം ലഭിച്ചത് ഐ.പി.എസ്. അമ്മയുടെ ആഗ്രഹം നിറവേറ്റാൻ ഐ.എ.എസുകാരനായി. ഇൻഡോറിലും റായ്‌പൂരിലും കളക്‌ടറായി.
ജോഗിയുടെ മികവു കണ്ടറിഞ്ഞ രാജീവ് ഗാന്ധിയുടെ ഉപദേശപരക്കാരം 1996ൽ സിവിൽസർവീസ് വിട്ട് രാജ്യസഭാംഗമായി അരങ്ങേറ്റം. രാജീവിന് ശേഷം നരസിംഹറാവു, സീതാറാം കേസരി എന്നിവരുടെ കാലത്തും ദേശീയ തലത്തിൽ സ്വാധീനം. പിന്നീട് പാർട്ടിയെ നയിച്ച സോണിയാ ഗാന്ധിക്കും പ്രിയപ്പെട്ടവനായി. രണ്ടു തവണ രാജ്യസഭാംഗമായ ശേഷം 1998ൽ റായ്ഗഡിൽ നിന്ന് ലോക്‌സഭയിലുമെത്തി. പാർട്ടി വക്താവായി തിളങ്ങിയ ജോഗിയെ മധ്യപ്രദേശ് വിഭജിച്ചുണ്ടായ ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയായി അവരോധിച്ചത് മുതിർന്ന നേതാവ് ദിംഗ്‌വിജയ് സിംഗിന്റെയും മറ്റും എതിർപ്പിനെ മറികടന്ന്.
2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മാരകമായ അപകടം. അതിനെ അതിജീവിച്ചെങ്കിലും ശിഷ്‌ടകാലം വീൽചെയറിൽ കഴിയാനായിരുന്നു വിധി. അപ്പോഴും ജോഗിയുടെ പോരാട്ട വീര്യം തളർന്നില്ല.
ഛത്തീസ്ഗഡിൽ പിന്നീട് ബി.ജെ.പി വേരൂന്നിയ ശേഷം ലോക്‌സഭാംഗമായി ദേശീയതലത്തിലേക്കുള്ള രണ്ടാം വരവിൽ കാര്യങ്ങൾ പന്തിയായില്ല. 2016ൽ കോൺഗ്രസ് വിട്ട് ഭാര്യയ്‌ക്കും മകനുമൊപ്പം ഛത്തീസ്ഗഡ് ജനതാ കോൺഗ്രസ്(ജെ) രൂപീകരണം. 2018 ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ മർവാഹിയിൽ നിന്ന് ജയിച്ചെങ്കിലും ബി.എസ്.പിയുമായി ചേർന്ന മുന്നണി ക്ളച്ചു പിടിച്ചില്ല. കോൺഗ്രസ് വീണ്ടും അധികാരത്തിലേറുന്നത് കണ്ടുനിൽക്കേണ്ടിയും വന്നു. ഇതിനിടെ വ്യാജ രേഖാ കേസിൽ തോറ്റ് പട്ടികവർഗ ആനുകൂല്യങ്ങൾ നഷ്‌ടമായിരുന്നു.