കൊച്ചി: കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷന്റെ (കെ3എ) പ്രാരംഭഘട്ടം മുതൽ പരസ്യമേഖലയ്ക്കും പരസ്യ ഏജൻസികൾക്കും ശക്തിപകർന്ന ബഹുമുഖ പ്രതിഭയായിരുന്നു എം.പി. വീരേന്ദ്രകുമാർ എന്ന് കെ3എ സംസ്ഥാന പ്രസിഡന്റ് ജെയിംസ് വളപ്പില പറഞ്ഞു. ഓൺലൈനിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതികവിദ്യയുടെ സാദ്ധ്യതകളിലും അതിലൂടെ മാദ്ധ്യമരംഗത്ത് പുതുമകൾ കൊണ്ടുവരുന്നതിലും വലിയ തത്പരനായിരുന്നു വീരേന്ദ്രകുമാർ. സംഘടനയ്ക്ക് കരുത്തേകാൻ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ പ്രസിഡന്റ് ആയിരുന്ന കാലത്ത് പരസ്യ ഏജൻസികൾക്ക് അദ്ദേഹം നൽകിയ സംഭാവനകൾ യോഗം അനുസ്‌മരിച്ചു. കേരള രാഷ്‌ട്രീയ, സാഹിത്യ, സാംസ്കാരിക, മാദ്ധ്യമ രംഗത്തെ അതികായനായിരുന്ന അദ്ദേഹത്തിന്റെ വേർപാട് പരസ്യമേഖലയ്ക്ക് തീരാനഷ്‌ടമാണെന്ന് അനുശോചന പ്രമേയത്തിൽ യോഗം വിലയിരുത്തി.

എം.പി. വീരേന്ദ്രകുമാറിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും സർഗാത്മകമായ ഒരു പരിപാടി സംഘടിപ്പിക്കാനും കെ3എ തീരുമാനിച്ചു. കെ3എ സംസ്ഥാന സെക്രട്ടറി രാജു മേനോൻ, ട്രഷറർ രാമപ്രസാദ്, സംസ്ഥാന സമിതിയംഗങ്ങൾ, സോൺ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.