ന്യൂഡൽഹി: ടെസ്റ്റ് ടീമിൽ തിരിച്ചെത്താനുള്ള കഠിന പരിശ്രമത്തിലാണ് ഇന്ത്യൻ ബൗളിംഗ് ഡിപ്പാർട്ട്മെന്റിലെ സ്വിംഗ് കിംഗ് ഭുവനേശ്വർ കുമാർ. പരിമിത ഓവർ ക്രിക്കറ്റിലെ അവിഭാജ്യ ഘടകമാണ് ഭുവിയെങ്കിലും ടെസ്റ്റിൽ രണ്ട് വർഷമായി ഇന്ത്യൻ ജഴ്സിയണിയാൻ ഭുവിക്കായിട്ടില്ല. ബുംറ,ഷമി, ഇശാന്ത് എന്നിവർ അണിനിരക്കുന്ന ടെസ്റ്റിലെ പേസ് ആക്രമണ നിരയിലേക്ക് തിരിച്ചെത്തുക എളുപ്പമല്ലെങ്കിലും അതിനായി പരിശ്രമം തുടരുകയാണെന്ന് കഴിഞ്ഞ ദിവസം ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ഭുവി വ്യക്തമാക്കി.
ടെസ്റ്റ് ക്യാപ്
ടെസ്റ്റിൽ ഇന്ത്യയ്ക്കായി പന്തെറിയാൻ അതിയായ ആഗ്രഹത്തിലാണ് ഞാൻ. ടെസ്റ്ര് ടീമിൽ തിരിച്ചെത്തുകയെന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. എല്ലാവരും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.എന്നാൽ കഴിയുന്ന വിധം തിരിച്ചുവരവിന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
സംതൃപ്തി
ക്രിക്കറ്റിലെ ഏറ്രവും പ്രയാസമേറിയ ഫോർമാറ്രാണ് ടെസ്റ്ര്. അവിടെ മികച്ച പ്രകടനം നടത്തുകയെന്നത് ഏറെ സംതൃപ്തി നൽകുന്ന കാര്യമാണ്.
പരിക്ക് വില്ലൻ
എന്റെ കരിയറിൽ പ്രധാന വില്ലൻ പരിക്ക് തന്നെയാണ്. പലതവണ അപ്രതീക്ഷിതമായി പരിക്കേറ്ര് ടീമിൽ നിന്ന് മാറിനിൽക്കേണ്ടി വന്നു. ടെസ്റ്ര് ടീമിൽ സ്ഥാനം നഷ്ടമാകാനും പ്രധാന കാരണം പരിക്ക് തന്നെയായിരുന്നു.
സുരക്ഷ മുഖ്യം
ട്വന്റി-20 ലോകകപ്പ് സെലക്ഷനെക്കുറിച്ച് ഇപ്പോൾ ഞാൻ ചിന്തിക്കുന്നില്ല. എല്ലാവരും സുരക്ഷിതരായിരിക്കുകയാണ് ഇപ്പോൾ മറ്റെന്തിനെക്കാളും പ്രധാനമായിട്ടുള്ളത്.
63 വിക്കറ്റുകൾ 21 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി മുപ്പതുകാരനായ ഭുവി സ്വന്തമാക്കിയിട്ടുണ്ട്.
2018 ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൊഹന്നാസ്ബർഗിലാണ് ഭുവി അവസാനമായി ഇന്ത്യൻ ടെസ്റ്റ് കുപ്പായമണിഞ്ഞത്. ആ മത്സരത്തിൽ ഇന്ത്യ 63 റൺസിന് ജയിച്ചു.