ന്യൂഡൽഹി: 2019-20 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ വൻ ഇടിവ് രേഖപ്പെടുത്തി. അവസാന പാദത്തിലെ കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ 4.2 ശതമാനം വളർച്ച മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 11 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. അതേസമയം, ജനുവരി മുതല്‍ മാര്‍ച്ച് വരേയുള്ള അവസാന പാദത്തില്‍ 3.1 ശതമാനം മാത്രമാണ് വളര്‍ച്ചയായി രേഖപ്പെടുത്തുന്നത്.
ഇതാകട്ടെ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ്. എന്നാൽ കൊവിഡ് രോഗബാധയോ അതുമൂലമുള്ള ലോക്ക്ഡൗണോ മാത്രമല്ല രാജ്യത്തെ സാമ്പത്തികാവസ്ഥ ഇത്രമേൽ മോശമാകാൻ കാരണം എന്നാണ് ലഭിക്കുന്ന വിവരം. കാരണം മാർച്ച് മാസം ഇരുപത്തിയഞ്ചാം തീയതിയാണ് രാജ്യത്ത് ലോക്ക്ഡൗൺ ആരംഭിക്കുന്നത്. അതായത് മാർച്ചിൽ വെറും ഏഴു ദിവസം മാത്രമാണ് ലോക്ക്ഡൗൺ ഉണ്ടായിരുന്നത്.
മാത്രമല്ല 2019-20 സാമ്പത്തിക വർഷത്തിന്റെ ഭൂരിഭാഗം സമയവും രാജ്യത്ത് കൊവിഡ് ബാധ രൂക്ഷമാകുകയോ ലോക്ക്ഡൗൺ മൂലമുള്ള സാമ്പത്തിക ഞെരുക്കമോ ഉണ്ടായിരുന്നില്ല എന്ന വസ്തുതയും നിലനിൽക്കുന്നു. പ്രധാനമായും അതിനു മുൻപുള്ള സാമ്പത്തിക കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനു തൊട്ടുമുൻപത്തെ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജി.ഡി,പി വളർച്ച 6.1 ശതമാനം മാത്രമായിരുന്നു.
ചുരുക്കത്തിൽ ഇന്ത്യയിൽ കൊവിഡ് രൂക്ഷമാകും മുൻപുതന്നെ രാജ്യത്തിന്റെ സാമ്പത്തിക നില അതീവ മോശം നിലയിലായിരുന്നു എന്ന് സാരം. ഏതാനും കാലങ്ങളായി ഇന്ത്യയിൽ തുടരുന്ന മോശം സാമ്പത്തിക അന്തരീക്ഷത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ജി.ഡി.പി വളർച്ചാ നിരക്കെന്നും അനുമാനിക്കാവുന്നതാണ്. അതോടൊപ്പം രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമാകുമെന്ന സൂചനകളും ഈ കണക്കുകൾ നൽകുന്നു.
റിസര്‍വ് ബാങ്ക് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് നെഗറ്റീവിലേക്ക് എത്തുമെന്ന് അടുത്തിടെ ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു. എന്നാല്‍ അത്തരമൊരു സാഹചര്യമില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്.