ബംഗളൂരു : കൊവിഡ് പ്രതിസന്ധിക്കിടെ കർണാടകയിൽ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കെതിരെ വിമതനീക്കവുമായി 20 എം..എൽ.എമാർ. മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് വിമതനീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. വടക്കൻ കർണാടകയിലെ 20 എം.എൽ.എമാരാണ് യെദ്യൂരപ്പയ്ക്കെതിരായ നീക്കത്തിന് പിന്നിൽ.
എട്ടുതവണ എം.എൽ.എയായ മുതിർന്ന നേതാവ് ഉമേഷ് കട്ടിയുടെ മന്ത്രിസ്ഥാനത്തിനായാണ് എം.എൽ.എമാർ സമ്മർദം ചെലുത്തുന്നത്. ഇതോടൊപ്പം യെദ്യൂരപ്പ പ്രവർത്തനശൈലി മാറ്റണമെന്നും ഇവർ ആവശ്യപ്പെടുന്നു. വിമത നീക്കത്തിന് തിരികൊളുത്തി, ബെളഗാവിയിലെ ശക്തനായ ലിംഗായത്ത് നേതാവായ ഉമേഷ് കട്ടി പാർട്ടിയിലെ 20 എം.എൽ.എമാർക്കായി അത്താഴവിരുന്നൊരുക്കി. വിരുന്നിൽ മന്ത്രിസ്ഥാനവും യെദ്യൂരപ്പയുടെ പ്രവർത്തനശൈലിയും ചർച്ചയായി. പാർട്ടിയിലെ മറ്റു നേതാക്കളെ അറിയിക്കാതെയായിരുന്നു അത്താഴവിരുന്ന്.
ഉമേഷ് കട്ടിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹത്തിന്റെ സഹോദരനായ രമേശ് കട്ടിയെ രാജ്യസഭയിലേക്ക് അയക്കണമെന്നും എം.എൽ.എമാർ ആവശ്യപ്പെട്ടതായാണ് വിവരം. ഉമേഷ് കട്ടിയോട് തന്റെ ഒാഫിസിൽ ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ടെങ്കിലും ഇക്കാര്യം യെദ്യൂരപ്പ തള്ളി.
അതേസമയം വിമത നീക്കമല്ലെന്നും കൊവിഡ് കാലത്ത് അത്തരമൊരും രാഷ്ട്രീയം കളിക്കുന്നയാളല്ല താനെന്നും ഉത്തരവാദിത്തപ്പെട്ട എം.എൽ.എയാണെന്നും ഉമേഷ് കട്ടി പ്രതികരിച്ചു.