trump

വാഷിംഗ്ടൺ: ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക ഉപേക്ഷിക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊവിഡ് വ്യാപനം തടയാനാവശ്യമായ നടപടികൾ കൈക്കൊണ്ടില്ലെന്നാരോപിച്ചാണ് ഡബ്ല്യൂ.എച്ച്.ഒയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ധനസഹായം പൂർണമായും നിർത്തിവയ്ക്കുമെന്നും, ആ തുക മറ്റ് ആരോഗ്യ സംഘടനകൾക്ക് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിവർഷം 45 കോടി ഡോളറാണ് അമേരിക്ക ലോകാരോഗ്യ സംഘടനയ്ക്ക് നൽകിയിരുന്നത്. നാല് കോടി ഡോളറാണ് ചൈന നൽകുന്നത്. ഇത്രയും ചെറിയ തുക നൽകുന്ന ചൈന ലോകാരോഗ്യ സംഘടനയെ നിയന്ത്രിക്കുന്നെന്നും ട്രംപ് ആരോപിച്ചു. കൊവിഡ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിൽ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്ന് ട്രംപ് പറഞ്ഞു.

ഒരു മാസത്തിനുള്ളിൽ പ്രവർത്തന രീതി മെച്ചപ്പെടുത്തണമെന്നും, അല്ലാത്തപക്ഷം തുടരുന്ന കാര്യത്തിൽ പുനരാലോചിക്കുമെന്നും നേരത്തെ അമേരിക്കൻ പ്രസിഡന്റ് ലോകാരോഗ്യ സംഘടനയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് ലക്ഷത്തോട് അടുക്കുകയാണ്. മരണസംഖ്യ ഒരു ലക്ഷം പിന്നിട്ടു.