കൊല്ലം: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ യാത്രക്കാരെ കുത്തിനിറച്ച് സർവീസ് നടത്തിയ അഞ്ച് സ്വകാര്യ ബസുകൾ കൊല്ലം വെസ്റ്റ് പൊലീസ് പിടിച്ചെടുത്തു. ജാഗ്രതാ നിർദേശം നിലനിൽക്കുന്നതിനാൽ ബസിനുള്ളിൽ സാമൂഹിക അകലം ഉറപ്പാക്കിയേ സർവീസ് നടത്താവൂ. രണ്ടുപേർക്ക് ഇരിക്കാവുന്ന സീറ്റിൽ ഒരാൾക്കും മൂന്ന് പേർക്ക് ഇരിക്കാവുന്ന സീറ്റിൽ രണ്ട് പേർക്കും മാത്രം ഇരിക്കാനാണ് അനുമതി.
യാത്രക്കാരെ നിർത്തി യാത്ര നടത്താനും പാടില്ല. എന്നാൽ ഇതെല്ലാം അട്ടിമറിച്ച് പരിധിയിൽ കൂടുതൽ യാത്രക്കാരെ കയറ്റി രോഗവ്യാപനത്തിന് ഇടയാക്കുന്ന തരത്തിൽ ബസുകൾ സർവീസ് നടത്തുന്നുവെന്ന വിവരത്തെ തുടർന്ന് രണ്ട് ദിവസമായി പരിശോധന ശക്തമാണ്. കഴിഞ്ഞ ദിവസം സിറ്റി പൊലീസ് നടത്തിയ പരിശോധനയിൽ ഏഴ് ബസുകൾ പിടിച്ചെടുത്തു. ഇന്നലെ പിടിച്ചെടുത്ത ബസുകളുടെ ഡ്രൈവർ, കണ്ടക്ടർ എന്നിവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കുമെന്നും പൊലീസ് പറഞ്ഞു.