കൊല്ലം: പാമ്പുകടിയേറ്റ് മരിച്ച ഉത്രയുടെ ഭർത്താവ് സൂരജിന്റെ മാതാപിതാക്കൾ, സഹോദരി എന്നിവർക്കെതിരെ സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷനംഗം ഡോ. ഷാഹിദ കമാൽ റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നൽകി. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ട് ഏഴ് ദിവസത്തിനകം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഓരോ ഘട്ടത്തിലും അന്വേഷണ പുരോഗതി കമ്മിഷനെ അറിയിക്കണമെന്നും സൂരജിനെതിരെ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച് പരമാവധി ശിക്ഷ ഉറപ്പാക്കാനാവശ്യമായ നടപടി കൊല്ലം, പത്തനംതിട്ട ജില്ലാ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.