photo
എം.എസ്.മാളവിക

കൊല്ലം: ലോക്ക് ഡൗണിന്റെ വീട്ടിലിരിപ്പിലും പാട്ടും മാജിക്കുമായി സജീവമാണ് എം.എസ്.മാളവിക. വിവിധ സംഘടനകൾക്കായി ഓൺലൈൻ പ്രോഗ്രാമുകൾ ചെയ്തു. സ്വന്തം ലൈവ് പരിപാടികളും കൂട്ടുകാർ ആവശ്യപ്പെടുന്ന പാട്ടുകൾ പാടിയുമൊക്കെയായി ലോക്ക് ഡൗണിന്റെ ഓരോ ദിനങ്ങളിലും നിറഞ്ഞുനിന്നു. ഇടയ്ക്ക് പഠനത്തിരക്കുമുണ്ട്. ഹെൽത്ത് ഇൻസ്പക്ടർമാരായ പൂയപ്പള്ളി മരുതമൺപള്ളി മണിമന്ദിരത്തിൽ എം.മനോജിന്റെയും എ.എസ്.സിനിയുടെയും മകളായ മാളവിക അമ്മയ്ക്ക് സ്ഥലംമാറ്റം ലഭിച്ച നാൾ മുതൽ ആലുവയിലെ വാടകവീട്ടിലാണ്. അവിടെ മറ്റാരും കൂട്ടുകാരായിട്ടില്ല. അതുകൊണ്ടുതന്നെ അമ്മ ജോലിയ്ക്ക് പോയാൽ മാളവിക ഓൺലൈൻ ഗാനങ്ങളും മാജിക്കുമായി എത്തുകയായി.

ഏറ്റവും കൂടുതൽ വേദികളിൽ മാജിക് അവതരിപ്പിച്ച ഏറ്റവും പ്രായംകുറഞ്ഞ മജീഷ്യയെന്ന നിലയിൽ 'ജീനിയസ് വേൾഡ് റെക്കാഡ്' ഉൾപ്പടെ അഞ്ച് ലോക റെക്കാഡുകൾ സ്വന്തമായുള്ള മാളവിക .2010 ഡിസംബർ 19ന് കൊല്ലം പട്ടണത്തിലൂടെ മൂന്ന് കിലോമീറ്റർ ദൂരം കണ്ണുകെട്ടി ബൈക്ക് ഓടിച്ച് ആദ്യ ലോക റെക്കാഡും (ഏഷ്യൻ ബുക്ക്സ് ഓഫ് റെക്കാഡ്) സ്വന്തമാക്കിയിരുന്നു. നിരവധി ടി.വി.പ്രോഗ്രാമുകളിൽ തിളങ്ങിയിട്ടുമുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ പലതവണ ഗസൽ അടക്കമുള്ള സംഗീത മത്സരത്തിന് ഒന്നാമതെത്തിയിട്ടുമുണ്ട്. ആയൂർവേദ ഡോക്ടറാകാനുള്ള അവസാനവർഷത്തെ പഠനത്തിരക്കിനിടയിലാണ് കലാജീവിതത്തിന് കൂടുതൽ സമയം കണ്ടെത്തുന്നത്.

ലോക്ക് ഡൗണിന് മുൻപ് സ്കൂൾ വാർഷികങ്ങളും കലോത്സവങ്ങളുമാെക്കെ ഉദ്ഘാടനം ചെയ്തും വിശിഷ്ട അതിഥിയായുമൊക്കെ നല്ല തിരക്കുണ്ടായിരുന്നു. ചടങ്ങുകളിൽ എത്തുമ്പോൾ ഒരു ഗാനം ആലപിച്ചുകൊണ്ടാകും തുടങ്ങുക. പിന്നെ സദസ്സിന്റെ ആവശ്യം പാട്ടുകൾ മാത്രമല്ല, മാജിക്കും വേണമെന്നാണ്. വിസ്മയിപ്പിക്കുന്ന മാന്ത്രിക വിദ്യകളും മധുര ഗാനങ്ങളുമായി മാളവിക സജീവമാകുമ്പോൾ ആരാധകരും ഏറുകയാണ്. മാജിക്കിൽ കൂടുതൽ പഠനം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ മാളവിക.