covid-19

സിയോൾ: കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും വർദ്ധിച്ചതോടെ ദക്ഷിണ കൊറിയയിൽ തുറന്ന സ്‌കൂളുകൾ വീണ്ടും അടച്ചു. ബുധനാഴ്ചയാണ് ലോക്ക് ഡൗൺ മൂലം രണ്ട് മാസം അടച്ചിട്ടിരുന്ന സ്‌കൂളുകൾ തുറന്നത്. എന്നാൽ കൊവിഡ് രോഗികളുടെ എണ്ണം കുതിക്കാൻ തുടങ്ങിയതോടെ സ്കൂളുകൾ അടയ്ക്കുകയായിരുന്നു.

ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് സ്കൂൾ തുറന്നതിന്റെ ആഹ്ളാദത്തിൽ പഠിക്കാനെത്തിയത്. വ്യാഴാഴ്ച 79 പേർക്കാണ് രോഗബാധ ഉണ്ടായത്. ഇന്നലെ ഇത് വീണ്ടും കൂടി. സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് ഒരു ദിവസം ഇത്രയുമധികം രോഗികളുണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ സ്കൂളുകൾ പ്രവർത്തിക്കുന്നത് ശരിയാവില്ലെന്ന് കണ്ടാണ് അടച്ചത്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 11,402 ആയി.