anjana-hareesh

കാസർകോട്: നീലേശ്വരം പുതുക്കൈയിൽ വാടകക്ക് താമസിക്കുകയായിരുന്ന തളിപ്പറമ്പ് സ്വദേശിനിയും തലശേരി ബ്രണ്ണൻ കോളേജ് വിദ്യാർഥിനിയുമായ അഞ്ജന കെ ഹരീഷിനെ (22) ഗോവയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ യുവതിയുടെ ആൺ സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ പൊലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നു.

അഞ്ജന തൂങ്ങിമരിച്ചത് സംബന്ധിച്ച് ഗോവയിൽ 31/ 2020 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. മരണം നടക്കുമ്പോൾ അഞ്ജനയുടെകൂടെ ഗോവയിലെ ഹോട്ടലിൽ ഉണ്ടായിരുന്ന ആൺ സുഹൃത്തുക്കളെയും സഹായികളെയും ചോദ്യം ചെയ്യാൻ കഴിയുമോ എന്നാണിപ്പോൾ ഹൊസ്ദുർഗ് പൊലീസ് പരിശോധിക്കുന്നത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അഞ്ജനയുടെ മാതാവ് മിനിയിൽ നിന്നും മറ്റ് കുടുംബാംഗങ്ങളിൽ നിന്നും കഴിഞ്ഞ ദിവസം വിവരങ്ങൾ ശേഖരിച്ചിരുന്നു.

അഞ്ജനയുടെ മരണം കൊലപാതകമാണെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ പ്രധാനമന്ത്രി, കേരള, ഗോവ മുഖ്യമന്ത്രിമാർ, ഡി.ജി.പി തുടങ്ങിയവർക്ക് പരാതി നൽകിയിരുന്നു. തന്റെ മകൾ ആത്മഹത്യ ചെയ്തതല്ലെന്നും ഒപ്പമുണ്ടായിരുന്നവർ അപായപ്പെടുത്തിയതാണെന്നും അഞ്ജനയുടെ അമ്മ മിനി മൊഴി നൽകിയിരുന്നു.

പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ അസ്വാഭാവികത അഞ്ജനയുടെ മരണത്തിലുള്ള ദുരൂഹത വർദ്ധിപ്പിക്കുകയാണ്. യുവതി പ്രകൃതി വിരുദ്ധ പീഡനത്തിനിരയായെന്ന സൂചന പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. യുവതിക്ക് ലഹരി മരുന്ന്‌ നൽകി അബോധാവസ്ഥയിലായതോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാകാമെന്ന സംശയമാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. അതേസമയം സാഹചര്യത്തെളിവുകളും കൂടുതൽ സംശയം ജനിപ്പിക്കുന്നതാണ്.

മേയ് 13 ന് ഗോവയിലെ താമസസ്ഥലത്തിനു സമീപത്ത് പത്തുമീറ്റർ അകലെയാണ് അഞ്ജനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. കേരളത്തിലെ അറിയപ്പെടുന്ന ഒരു സാമൂഹ്യപ്രവർത്തകയുടെ മകൾ അടക്കമുള്ള നാലുയുവതികളും ഒരു ആൺസുഹൃത്തുമാണ് അഞ്ജനയെ ഗോവയിൽ എത്തിച്ചിരുന്നത്. ഇവരാണ് അഞ്ജനയുടെ മരണത്തിന് ഉത്തരവാദികളെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

അഞ്ജനയുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ നിയമപരമായി ചെയ്യാൻ പറ്റുന്ന എല്ലാ കാര്യങ്ങളും പൊലീസ് ചെയ്യുമെന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ സുധാകരൻ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള 'ഫൗൾ പ്ളേ' നടന്നിട്ടുണ്ടെങ്കിൽ പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും. അമ്മയുടെയും സഹോദരങ്ങളുടെയും ബന്ധുക്കളുടെയും ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്. മരണം നടന്നത് ഗോവയിൽ ആയതുകൊണ്ടുള്ള ചില സാങ്കേതിക പ്രശ്നമുണ്ടെന്നും അദ്ദേഹം പറഞ്ഞു.