pic

കണ്ണൂർ: പുതുതായി ഏഴുപേർക്ക് കൂടി കൊവിഡ് 19 സ്ഥിതീകരിച്ചതോടെ കണ്ണൂരിലെ രോഗികളുടെ എണ്ണം 99 ആയി. സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം രോഗികളുള്ള രണ്ടാമത്തെ ജില്ലയാണ് കണ്ണൂർ. 117 രോഗികളുള്ള പാലക്കാട് മാത്രമാണ് ഇപ്പോൾ മുന്നിലുള്ളത്. രോഗവ്യാപ്തി കൂടിയ സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും ആളുകൾ എത്തുന്നതോടെയാണ് രോഗവ്യാപ്തിയേറുന്നത്. ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ച ഏഴു പേരിൽ ആറു പേർ വിദേശത്തു നിന്നും ഒരാൾ മഹാരാഷ്ട്രയിൽ നിന്നും വന്നവരാണ്.

കണ്ണൂർ വിമാനത്താവളത്തിൽ 19ന് കുവൈത്തിൽ നിന്നുള്ള ഐ.എക്സ് 790 വിമാനത്തിലെത്തിയ മൊറാഴ സ്വദേശിനിയായ 32കാരി, 20ന് റിയാദിൽ നിന്നുള്ള എ.ഐ 1912 വിമാനത്തിലെത്തിയ കതിരൂർ സ്വദേശിയായ 55കാരൻ, ദുബൈയിൽ നിന്നുള്ള ഐ.എക്സ് 1746 വിമാനത്തിൽ 26നെത്തിയ കരിവെള്ളൂർ സ്വദേശിയായ 30കാരൻ, 27നെത്തിയ പന്ന്യന്നൂർ സ്വദേശിനിയായ 27കാരി, കൊച്ചി വിമാനത്താവളം വഴി മെയ് 15ന് എ.ഐ 964 വിമാനത്തിലെത്തിയ ശ്രീകണ്ഠാപുരം സ്വദേശിനിയായ 29കാരി, 17ന് ദുബൈയിൽ നിന്നുള്ള ഐ.എക്സ് 434 വിമാനത്തിലെത്തിയ ചിറ്റാരിപ്പറമ്പ് സ്വദേശി 44കാരൻ എന്നിവരാണ് വിദേശത്തു നിന്നും വന്നവർ. മെയ് 16നാണ് മട്ടന്നൂർ സ്വദേശിയായ 35കാരൻ മഹാരാഷ്ട്രയിൽ നിന്നെത്തിയത്.

നിലവിൽ 12,026 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി, അ‌‌ഞ്ചരക്കണ്ടിയിലെ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റർ, തലശ്ശേരി ജനറൽ ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും വീടുകളിലുമായാണ് ഇവർ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിനിടെ 364 സാമ്പിളുകളുടെ ഫലം ലഭിക്കാനുള്ളത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതിനിടെ ഒരു കുടുംബത്തിലെ 13 പേരുടെ പരിശോധന ഫലം പോസിറ്റാവായത് ആശങ്ക വർദ്ധിക്കാൻ ഇടയാവുകയും ചെയ്തു.