pic

കണ്ണൂർ: അയൽ ജില്ലകളിൽ നിന്ന് കണ്ണൂർ ജില്ലയിലേക്ക് നടക്കുന്ന നുഴഞ്ഞുകയറ്റം തടയാൻ കർശന നടപടിയുമായി പൊലീസ്. കാസർകോട് ജില്ലയിൽ നിന്ന് ചെറുപുഴ പഞ്ചായത്തിലേക്കും പിന്നീട് ജില്ലയിലെ മറ്റ് സ്ഥലങ്ങളിലേക്കും കടക്കുകയാണ്. കൂടാതെ കണ്ണൂർ കരിക്കോട്ടക്കരി വഴി കർണാടകയിൽനിന്നും ആളുകൾ പൊലീസിന്റെ കണ്ണ് വെട്ടിച്ച് എത്തുന്നുണ്ട്. ജില്ലയിൽ കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിയാത്തതിന്റെ പശ്ചാത്തലത്തിലാണ് കർശന നടപടി സ്വീകരിക്കാൻ പൊലീസിനെ നിർബന്ധിതമാക്കിയത്. ഇതിന്റെ ഭാഗമായി ഇടറോഡുകൾ അടച്ചു കഴിഞ്ഞു.

വനപാതകളിൽ കൂടിയുള്ള നുഴഞ്ഞുകയറ്റമാണ് പൊലീസിന് ഏറെ തലവേദന സൃഷ്ടിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ ജില്ലാ അതിർത്തിയായ കാലിക്കടവ്, ആണൂർ എന്നിവിടുങ്ങളിലെ ചെക്ക് പോസ്റ്റിലെ പരിശോധന ഒഴിവാക്കാൻ കാസർകോട് ജില്ലയിൽ നിന്നു ചെറുപുഴയിലേക്കു പ്രവേശിക്കുന്ന നെടുങ്കല്ല് പാലം, കൊല്ലാട പാലം, ചെറുപുഴ റഗുലേറ്റർകം ബ്രിജ്, പുളിങ്ങോം പാലാവയൽ പാലം എന്നിവയാണ് ആശ്രയിക്കുന്നത്. ഈ വഴികൾ പൊലീസ് ഇന്ന് പൂർണമായും അടച്ചിട്ടിരിക്കയാണ്. മലയോര ഹൈവേ കടന്നുപോകുന്ന ചിറ്റാരിക്കാൽ ചെറുപുഴ പാലം വഴി മാത്രമേ ഇനി വാഹനഗതാഗതം അനുവദിക്കൂ. ഇതര സംസ്ഥാനങ്ങളിൽ നിന്നു വാഹനങ്ങളിൽ എത്തുന്നവർക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിനു പാസ് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പാസുകൾ ലഭിക്കാൻ കാലതാമസം എടുക്കുന്നതിനാൽ പലരും കാസർകോട് ജില്ലയിൽ എത്തി ഊടുവഴികളിലൂടെ കണ്ണൂരിലേക്കു കടക്കുകയാണു ചെയ്യുന്നത്. ഇവരുടെ ക്വാറന്റീൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ ആരോഗ്യവകുപ്പും പ്രയാസപ്പെടുന്നു. ഇതിനു തടയിടാനാണു ഇടറോഡുകൾ അടച്ചിടാൻ പൊലീസ് തീരുമാനിച്ചത്. പാസ്സുള്ളവർക്കു ജില്ലയിലേക്കു പ്രവേശനം അനുവദിക്കും. നിലവിൽ 2 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ചെറുപുഴ പഞ്ചായത്തിനെ ഹോട്സ്‌പോട്ട് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ നിയന്ത്രണം കർശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.