
താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. ലോകസുന്ദരിയും ബോളിവുഡ് റാണിയുമായ ഐശ്വര്യ റായ് ബച്ചൻ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. എൽ.കെ.ജി കാലത്തെ ഒരു ഗ്രൂപ്പ് ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്.
ഏറ്റവും പിറകിലെ വരിയിൽ നടുവിലായി നിൽക്കുന്ന കൊച്ചുമിടുക്കിയെ പെട്ടെന്ന് തന്നെ തിരിച്ചറിയാം. ഐശ്വര്യയുടെയും സഹോദരൻ ആദിത്യ റായിയുടെയും കുട്ടിക്കാലചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ കവരുന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ, ലോക്ക് ഡൗൺ കാലത്ത് അത് കുത്തിപ്പൊക്കിയിരിക്കുകയാണ് ആരാധകർ.
മറൈൻ ബയോളജിസ്റ്റായ കൃഷ്ണരാജ്, എഴുത്തുകാരിയായ വൃന്ദരാജ് റായ് എന്നിവരുടെ രണ്ടാമത്തെ കുട്ടിയായി 1973 നവംബർ 1-ന് മംഗലാപുരത്തായിരുന്നു ഐശ്വര്യയുടെ ജനനം.ഐശ്വര്യയുടെ ജനനശേഷം മാതാപിതാക്കൾ മുംബയിലേയ്ക്ക് താമസം മാറി. മുംബയിലെ സാന്താക്രൂസിലുള്ള ആര്യ വിദ്യാ മന്ദിർ ഹൈ സ്കൂളിലാണ് ഐശ്വര്യ സ്കൂൾ വിദ്യാഭ്യാസം നേടിയത്. പിന്നീട് ചർച്ച് ഗേറ്റിലുള്ള ജൈ ഹിന്ദ് കോളേജിൽ ചേർന്ന ഐശ്വര്യ, ഒരു വർഷത്തിനുശേഷം മാതുംഗയിലുള്ള രൂപാറെൽ കോളേജിൽ ചേർന്ന് പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കി.
പിന്നീട് ആർക്കിടെക്‌ചർ പഠനത്തിന് ചേർന്നു. ഇടയ്ക്ക് ഐശ്വര്യ മോഡലിംഗും ചെയ്തിരുന്നു.1994ൽ ഐശ്വര്യ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത് സുസ്മിതാ സെന്നിനു പിന്നിലായി രണ്ടാം സ്ഥാനത്തെത്തി മിസ് ഇന്ത്യാ വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് മിസ് വേൾഡ് മത്സരത്തിൽ പങ്കെടുത്ത ഐശ്വര്യ, മിസ് വേൾഡ് പുരസ്കാരം കരസ്ഥമാക്കി. ഈ മത്സരത്തിലെ മിസ് ഫോട്ടോജെനിക് പുരസ്കാരവും ഐശ്വര്യയ്ക്കായിരുന്നു.