dee

ചെന്നൈ: ജയലളിതയുടെ ആയിരം കോടിയോളം വരുന്ന സ്വത്തുക്കളുടെ അവകാശം കിട്ടിയതോടെ സഹോദരന്റെ മകൾ ദീപ തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടും വലതുകാൽ വയ്ക്കാനൊരുങ്ങുന്നു. ജയലളിത മരിച്ചപ്പോൾ ആ അവസരം നോക്കി പുതിയ പാർട്ടിയുണ്ടാക്കി ഇറങ്ങിയെങ്കിലും ക്ളച്ച് പിടിച്ചില്ല.

അങ്ങനെ നിരാശപൂണ്ട ദീപ സ്വത്തുക്കളുടെ അവകാശത്തിനായി നിയമയുദ്ധത്തിനിറങ്ങി. അതിൽ വിജയം കണ്ടതോടെ ജയലളിതയുടെ അടുത്ത അവകാശി എന്ന നിയമപരിരക്ഷയായി. അത് വച്ചാണ് രാഷ്ട്രീയക്കളിക്ക് ഇറങ്ങുന്നത്. ജയലളിതയുടെ കുടുംബത്തിൽ നിന്ന് തമിഴ്നാടിന്റെ അടുത്ത തലൈവിയാകാൻ ദീപ കച്ചമുറുക്കുകയാണ്.

നിയമപോരാട്ടത്തിലെ വിജയം പോലെ രാഷ്ട്രീയ വിജയവും തനിക്കൊപ്പം നിൽക്കുമെന്നാണ് ദീപ പ്രതീക്ഷയർപ്പിക്കുന്നത്.

സർക്കാരിനെ നിശിതമായി വിമർശിച്ചുകൊണ്ടാണ് ദീപയുടെ പുറപ്പാട്. സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണെന്നും ജയലളിതയുടെ പേരിൽ എ.ഐ.എ.ഡി.എം.കെ സർക്കാർ നടത്തുന്നത് അഴിമതിയാണെന്നും പാർട്ടിയിൽ നേതൃമാറ്റമുണ്ടാകുമെന്നും ദീപ വ്യക്തമാക്കി. ജയലളിതയുടെ സ്വത്തുകൾ അന്യായമായി കൈവശപ്പെടുത്തിയവർക്കെതിരെ നിയമനടപടിയുണ്ടാകും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരരംഗത്തുണ്ടാകുമെന്നും ദീപ പറഞ്ഞു.

ജയലളിതയുടെ സ്വത്തുകളുടെ ഒന്നാം നിര അവകാശികൾ സഹോദരന്റെ മക്കളായ ദീപയും ദീപക്കുമാണെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചതിന് പിന്നാലെയാണ് തമിഴ്നാടിന്റെ പുതിയ തലൈവിയാകാൻ ദീപ ഇറങ്ങുന്നത്.

സ്വത്തുകൾ പ്രത്യേക ട്രസ്റ്റ് രൂപീകരിച്ച് രാഷ്ട്രീയ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും കോടതി വിധി അഭിമാനവും സന്തോഷവും നൽകുന്നതാണെന്നും ദീപ പറഞ്ഞു.ജയലളിതയുടെ സ്വത്തുക്കളുടെ അവകാശിയായി മദ്രാസ് ഹൈക്കോടതി പ്രഖ്യാപിച്ചതോടെ ഒരു തിരിച്ചുവരവിനുള്ള അവസരമാണ് ദീപയ്ക്ക് ലഭിക്കുന്നതെന്നാണ് വിലയിരുത്തൽ.