മുംബയ്: കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം സുരക്ഷാ ബാഗിൽ നിന്ന് പുറത്തെടുത്ത് സ്വന്തം ഇഷ്ടപ്രകാരം സംസ്കരിച്ച 18 പേർക്ക് രോഗം ബാധിച്ചു. സംഭവം വിവാദമായതോടെ ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേർക്കെതിരെയും പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ ഉല്ലാസ് നഗർ മേഖലയിലാണ് സംഭവം.
കൊവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 40 കാരി കഴിഞ്ഞ 25 നാണ് മരിച്ചത്. എല്ലാ സുരക്ഷാ നടപടികളും പൂർത്തിയാക്കി ആരോഗ്യ വകുപ്പ് അധികൃതർ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. വീട്ടിൽ കൊണ്ടുവന്ന മൃതദേഹം ബന്ധുക്കൾ ബാഗ് പൊട്ടിച്ച് പുറത്തെടുത്തു. അന്ത്യകർമ്മങ്ങൾ നടത്തുകയും എല്ലാവരും മൃതദേഹത്തിൽ തൊടുകയും ചെയ്തു.സാദാ മരണചടങ്ങുപോലെ എല്ലാം നടത്തി. സുരക്ഷാ മാനദണ്ഡങ്ങൾ മുഴുവൻ ലംഘിച്ചു. സംസ്കാരം കഴിഞ്ഞതോടെ പലർക്കും രോഗലക്ഷണങ്ങൾ കാണാൻ തുടങ്ങി. മറച്ചുവയ്ക്കാൻ ശ്രമിച്ചെങ്കിലും രോഗബാധിതരുടെ എണ്ണം കൂടി. അതോടെ സംഗതി പുറത്തായി.100 പേരിലധികമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇവരെ മുഴുവൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉല്ലാസ് നഗർ പൊലീസ് അറിയിച്ചു.