ന്യൂഡൽഹി: നാല് ഘട്ടമായി നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൗൺ പൂർണ്ണമായും പിൻവലിച്ച ശേഷം നികുതി പരവും, ധനപരവും, നയപരവുമായ പരിഷ്കാരങ്ങൾ ഉൾപ്പെടുന്ന രണ്ടാമത് ഉത്തേജന പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചേക്കും. സർക്കാരുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങളാണ് ഈ സൂചന നൽകിയത്. ആത്മനിർഭർ ഭാരത് അഭിയാൻ എന്ന് ആദ്യം പേരിട്ട 20.97 ലക്ഷം കോടിയുടെ ഒന്നാംഘട്ട ഉത്തേജന പാക്കേജിനു ശേഷമാകും ഈ പാക്കേജിലെ നടപടികൾ ഉണ്ടാകുക.
ശരിയായ വിതരണ പരിപോഷണം വഴി സമ്പദ്ഘടനയിൽ അതിവേഗം വളർച്ചയുടെ പാതയിലെത്തിക്കാനുള്ള എല്ലാ വഴികളും കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്. മാർച്ച് 26ന് പ്രഖ്യാപിച്ച ആദ്യഘട്ട ഉത്തേജന പാക്കേജിൽ നിന്നും വിട്ടുപോയവക്ക് കൂടുതൽ പ്രാമുഖ്യമാകും രണ്ടാംഘട്ട പാക്കേജിലുണ്ടാകുക.
രണ്ട് മാസമായി പ്രഖ്യാപിച്ചിരുന്ന ധനപരവും നയപരവുമായ പരിഷ്കാരങ്ങൾ തളർച്ചയിലായ ജനങ്ങളിൽ വേണ്ടവിധം എത്താത്തതിൽ സർക്കാരിന് ആശങ്കയുണ്ട്. പൊതുമേഖലാ ബാങ്കുകൾ മാർച്ച് ഒന്നിനും മേയ് 15നുമിടയിൽ 6.45 ലക്ഷം കോടി രൂപയാണ് വായ്പയായി നൽകിയെന്നാണ് ധനമന്ത്രാലയം പറയുന്നത്. എന്നാൽ ശരിയായ കണക്ക് വളരെ കുറവാണെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗണിന് ശേഷം ലോൺ വിതരണം ആരംഭിക്കും. നാലാം ഘട്ട ലോക്ഡൗൺ അവസാനിക്കുക നാളെയാണ്.
'വ്യവസായങ്ങൾക്ക് ആവശ്യം പണമാണ്. ബാങ്കുകൾ പണം അനുവദിച്ച് ആ വായ്പ നൽകും എന്നത് നല്ല കാര്യമാണ്.' അസോചം പ്രസിഡന്റ് നിരഞ്ജൻ ഹിരനന്ദാനി പറയുന്നു. പണം കടംവാങ്ങുന്നവർ ഉടൻ അതുപയോഗിച്ച് ലാഭം ഉണ്ടാകും എന്ന് കരുതുന്നില്ല. കാരണം വിപണിയിൽ അതിനുപാകത്തിനുള്ള ആവശ്യം ഉണ്ടാകുന്നില്ല എന്നത് തന്നെ കാരണം.
വിപണിയുടെ ലോക്ഡൗൺ കാലാനന്തര ഉണർവ്വിന് വേണ്ട ബലം നൽകാൻ ഉദ്ദേശിച്ചുള്ളതാണ് സർക്കാരിന്റെ ഈ പാക്കേജുകൾ എന്ന് സാമ്പത്തിക വിദഗ്ധൻ ഡി.കെ. ശ്രീവാസ്തവ പറയുന്നു. ജിഎസ്ടി വരുമാനം കുത്തനെ കുറഞ്ഞത് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. 97597 കോടിയായിരുന്നു മാർച്ച് മാസത്തിൽ കേന്ദ്രത്തിന് ലഭിച്ച ജിഎസ്ടി വരുമാനം. അതിന് മുൻപുള്ള നാല് മാസങ്ങളിൽ ഇത് ഒരു ലക്ഷംകോടിക്ക് മുകളിലുമായിരുന്നു. ഏപ്രിൽ മാസത്തിൽ വരുമാനം മൂന്നിലൊന്നായി ചുരുങ്ങിയിട്ടുണ്ടാകാനാണ് സാധ്യത.
നികുതി വരുമാനം കുത്തനെ കുറഞ്ഞതിനാൽ സംസ്ഥാനങ്ങൾക്കുണ്ടായ നഷ്ടം ചർച്ച ചെയ്യാനും വിപണിയെ ഉണർത്തുന്ന നടപടികൾ ആലോചിക്കാനും ജിഎസ്ടി കൗൺസിൽ ജൂൺ ആദ്യവാരം ചേരുന്നുണ്ട്. വിപണിയുടെ ലോക്ഡൗൺ കാലത്തെ തളർച്ച മാറ്റാൻ തുടർച്ചയായ ഉത്തേജന പാക്കേജുകൾ ആവശ്യമാണെന്ന് സർക്കാരുമായ ബന്ധമുള്ള വൃത്തങ്ങൾ അറിയിച്ചു. മേയ് 17ഓടെ ഒന്നാംഘട്ട പാക്കേജ് പൂർത്തിയായി. കൂടുതൽ ഉത്തേജന നടപടികൾ ഉടൻ എത്തുമെന്നാണ് പ്രതീക്ഷിക്കാവുന്നത്.