തിരുവനന്തപുരം: ഉത്ര വധക്കേസിൽ ഭർത്താവ് സൂരജിന്റെയും സഹായി സുരേഷിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അരുംകൊലയുടെ ആസൂത്രണം മുതൽ ഉത്രയുടെ മരണശേഷമുള്ള തന്റെ പുതിയ ജീവിതത്തെപ്പറ്റിയുള്ള സ്വപ്നങ്ങൾ വരെ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ സൂരജ് വെളിപ്പെടുത്തിയതായി സൂചന. ഉത്രയുടെ മരണത്തോടെ അവരുടെ സ്വത്തുക്കൾ പൂർണമായും കൈക്കലാക്കാമെന്ന് കരുതിയ സൂരജ്, പുനർവിവാഹത്തിനൊപ്പം സ്വന്തമായി ഒരു ധനകാര്യസ്ഥാപനം തുടങ്ങി ശിഷ്ടജീവിതം അടിച്ചുപൊളിക്കാമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്.
ഉത്രയെ തന്റെ ജീവിതത്തിൽ നിന്നൊഴിവാക്കാനുള്ള പദ്ധതികൾ മുൻകൂട്ടി ആസൂത്രണം ചെയ്ത സൂരജ്, മാസങ്ങൾക്ക് മുമ്പ് ഉത്രയുടെ പേരിൽ ലക്ഷങ്ങളുടെ ഇൻഷുറൻസ് പോളിസിയും എടുത്തിരുന്നു. സൂരജിനെ അവകാശിയാക്കിയായിരുന്നു പോളിസിയെടുത്തത്. ഉത്രയുടെ മരണം മുൻകൂട്ടിക്കണ്ട ഇയാൾ, അതുവഴി ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ലഭിക്കാവുന്ന ക്ളെയിം തനിക്ക് സ്വന്തമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്തതെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
ഇതിന് പുറമേ ഉത്രയുടെ അമ്മയ്ക്ക് ലഭിക്കുന്ന റിട്ടയർമെന്റ് ആനുകൂല്യത്തിലും സൂരജ് കണ്ണുവച്ചിരുന്നു. റിട്ടയർമെന്റ് ആനുകൂല്യത്തിന്റെ ഒരു പങ്ക് മകനുള്ളതിന്റെ പേരിൽ തനിക്ക് സ്വന്തമാക്കാമെന്നായിരുന്നു സൂരജ് കരുതിയിരുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന സൂരജിനെയും സഹായി സുരേഷിനെയും ചോദ്യം ചെയ്തതോടെ, പാമ്പ് കടിപ്പിച്ചദിവസം ഉത്രയെ മയക്ക് ഗുളിക വാങ്ങി നൽകിയതുൾപ്പെടെ കേസുമായി ബന്ധപ്പെട്ട നിരവധി നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഉത്രയെ കൊലപ്പെടുത്താൻ പാമ്പിനെ തുറന്നുവിടുംമുമ്പ് സൂരജ് അതിനെ ക്ഷതമേൽപ്പിച്ചിരിക്കാമെന്ന് പാമ്പ് വിദഗ്ദ്ധൻ വാവാ സുരേഷും അന്വേഷകസംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ബലം പ്രയോഗിച്ചോ അടിച്ചോ കടിപ്പിക്കാം. വീട്ടിൽ കയറി അണലി കടിക്കുന്നത് അപൂർവമാണ്. അതുകൊണ്ടു തന്നെ രണ്ടുതവണയും വളരെ ആസൂത്രിതമായി നടത്തിയ കൃത്യമാണിതെന്ന് വാവാ സുരേഷ് പറഞ്ഞു.
മുഖ്യപ്രതി സൂരജിനൊപ്പം ജോലി ചെയ്‌തിരുന്നവർ ഉൾപ്പെടെ മൂന്നു സുഹൃത്തുക്കളുടെ മൊഴിയെടുത്തു. ഇതോടെ മൊഴി ശേഖരിച്ചവരുടെ എണ്ണം ഏഴായി. അന്വേഷണസംഘം ആവശ്യപ്പെട്ടാൽ കോടതിയിൽ മൊഴി നൽകുന്നതിന് സന്നദ്ധമാണെന്ന് വാവാ സുരേഷും സൂരജിന്റെ സുഹൃത്തുക്കളും ഉദ്യോഗസ്ഥരെ അറിയിച്ചു.
ഉത്രയുടെ വീട്ടിൽ നിന്ന് വിവാഹ സമ്മാനമായി ലഭിച്ച കാറിലാണ് സൂരജ് പാമ്പിനെ വീട്ടിൽ കൊണ്ടുവന്നത്. കാർ പരിശോധിച്ച പൊലീസ് സംഘം സൂരജിന്റെ ഡ്രൈവിംഗ് ലൈസൻസ് , ഇൻഷ്വറൻസ് പോളിസിയുടെ രേഖകൾ, യുവതിയെ മയക്കാൻ നൽകിയ ഗുളികകളുടെ സ്ട്രിപ്പുകൾ എന്നിവ കാറിൽ നിന്ന് കണ്ടെത്തിയിരുന്നു.
അന്വേഷണസംഘം സൂരജ് ഡോളോ ടാബ്‌ലറ്റ് വാങ്ങിയ അടൂരിലെ മെഡിക്കൽ സ്റ്റോറിലും, ഇയാൾ ജോലി ചെയ്‌തിരുന്ന ബാങ്കിലും എത്തി വിവരങ്ങൾ ശേഖരിച്ചു. സൂരജിന്റെ അച്ഛനമ്മമാർ, സഹോദരി, സഹോദരിയുടെ സുഹൃത്ത് എന്നിവരെ ഇന്ന് ചോദ്യം ചെയ്യും. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കി പ്രതികളായ സൂരജിനെയും, പാമ്പിനെ നൽകിയ കല്ലുവാതുക്കൽ സുരേഷിനെയും ഇന്ന് വൈകുന്നേരത്തോടെ പുനലൂർ കോടതിയിൽ ഹാജരാക്കും.
സമാനതകളില്ലാത്ത തെളിവെടുപ്പാണ് കേസിൽ അന്വേഷണസംഘം നടത്തുന്നത്. ഉത്രയെ കൊലപ്പെടുത്തിയത് മൂർഖൻ പാമ്പാണെന്ന് വ്യക്തമാണെങ്കിലും സംസ്ഥാനത്തെ എല്ലാ ഇനം പാമ്പിനെക്കുറിച്ചുമുള്ള വിവരങ്ങളും ഉദ്യോഗസ്ഥർ തേടുന്നുണ്ട്. ഇതിനായി പ്രത്യേകം ടീമിനെ നിയോഗിച്ചു. ഓരോ ഇനത്തിലുമുള്ള പാമ്പിന്റെ ജീവിതരീതിയും കടിക്കാനുള്ള സാദ്ധ്യതകളും വിഷത്തിന്റെ വീര്യവും മരണത്തിനു കാരണമാകുമോയെന്ന വിശദ റിപ്പോർട്ട് തയ്യാറാക്കിയായിരിക്കും കുറ്റപത്രം സമർപ്പിക്കുക. ഭാവിയിലും ഇത്തരം കേസ് ഉണ്ടായാൽ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാകും റിപ്പോർട്ട്. കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എ അശോകന്റെ നേതൃത്വത്തിലാണ് അന്വേഷണം.