app

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ബെവ്ക്യൂ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമായി. ആപ്പിന്റെ പ്ലേസ്റ്റോർ ഇൻഡക്സ് നടപടികൾ പൂർത്തിയായതോടെ പ്ലേസ്റ്റോറിൽ സെർച്ച് ചെയ്താൽ കിട്ടും. നേരത്തേ ലിങ്കുകൾ വഴിമാത്രമായിരുന്നു ആപ്പ് ലഭിച്ചത്. ഇൻഡക്സ് നടപടികൾ പൂർത്തിയാക്കാൻ സാധാരണ മൂന്നുദിവസം വേണ്ടിവരും.ഈ കാലതാമസം മൂലമായിരുന്നു സെർച്ച് ചെയ്താൽ കിട്ടാതിരുന്നത്.

അതേസമയം,മദ്യവിതരണത്തിലെ ആശയക്കുഴപ്പം തീർക്കാൻ ബദൽ സംവിധാനവുമായി ബെവ് കോ രംഗത്തെത്തിയിട്ടുണ്ട്. ക്യൂ.ആർ കോഡ് സ്കാനിംഗിന് പകരം ആപ്പിൽ ബുക്ക് ചെയ്തവരുടെ പട്ടിക ഔട്ട് ലെറ്റുകൾക്ക് നൽകും. ക്യൂർ ആർ കോഡ് വെരിഫിക്കേഷന് പകരം ഈ പട്ടിക നോക്കി ബുക്ക് ചെയ്തവർക്ക് മദ്യം നൽകനാണ് ഇപ്പോഴത്തെ തീരുമാനം.താൽക്കാലിക സംവിധാനമാണിത്. ബെവ് ക്യൂ ആപ്പ് തകരാറിലായതോടെയാണ് പകരം സംവിധാനം അധികൃതർ ഏർപ്പെടുത്തിയത്.

ആപ്പിന്റെ സാങ്കേതിക പ്രശ്നങ്ങൾ ഭൂരിഭാഗവും പരിഹരിച്ചെന്നാണ് നിർമാതാക്കളായ ഫെയർ കോഡ് കമ്പനിയുടെ അവകാശവാദം.