പുഞ്ചിരി വിരിയിച്ച ഏഡൻവാല
18,000 കുഞ്ഞുങ്ങൾക്കു ശസ്ത്രക്രിയയിലൂടെ മുറിച്ചുണ്ട് വൈകല്യം മാറ്റി പുഞ്ചിരി സമ്മാനിച്ച ഡോക്ടർ എച്ച്.എസ്.ഏഡൻവാല അന്തരിച്ചത് കഴിഞ്ഞ ബുധനാഴ്ചയാണ്.60 വർഷം തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ഡോക്ടറായിരുന്ന ഇദ്ദേഹം ന്യൂയോർക്കിലെ ‘സ്മൈൽ ട്രെയിൻ’ പ്രസ്ഥാനവുമായി സഹകരിച്ചാണ് മുറിച്ചുണ്ട് ശസ്ത്രക്രിയ വ്യാപകമാക്കിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം ഡോക്ടറെത്തേടി തൃശൂരിലേക്ക് കുഞ്ഞുങ്ങളുമായി മാതാപിതാക്കൾ എത്തിയിരുന്നു.ഏഡൻവാല 1930 ജൂൺ 5ന് മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണു ജനിച്ചത്. സ്മൈൽ സർജൻ എന്നും തൃശൂരിന്റെ മദർ തെരേസയെന്നുമൊക്കെ അറിയപ്പെട്ടിരുന്ന ഏഡൻവാല തൃശൂരിലായിരുന്നപ്പോൾ ജൂബിലി മിഷൻ ക്വാർട്ടേഴ്സിലായിരുന്നു താമസം.
അഭിമാനം ഈ ദമ്പതികൾ
കോവിഡ് പ്രതിരോധത്തിൽ ലോകത്തിന് തന്നെ പ്രതീക്ഷ നൽകി ഇന്ത്യൻ വംശജരായ ദമ്പതികൾ കുറഞ്ഞ ചെലവിൽ വെന്റിലേറ്റർ വികസിപ്പിക്കുന്നു.ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ പ്രൊഫസറായ ദേവേഷ് രഞ്ജനും ഭാര്യയും അറ്റ്‌ലാന്റയിൽ ഡോക്ടറുമായ കുമുദ രഞ്ജനുമാണ് കോവിഡ് രോഗികൾക്കായി വെന്റിലേറ്റർ തയ്യാറാക്കുന്നത്. വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിച്ചാൽ 100 ഡോളറിൽ താഴെയേ നിർമ്മാണ ചെലവ് വരൂയെന്ന് ഇവർ പറയുന്നു. ബീഹാറിലെ പാട്നയിൽ ജനിച്ച ദേവേഷ് ട്രിച്ചി എൻജിനീയറിംഗ് കോളജിൽ നിന്നാണ് ബിരുദമെടുത്തത്. ആറാം വയസിൽ റാഞ്ചിയിൽ നിന്നാണ് കുമുദ അമേരിക്കയിലേക്ക് പോകുന്നത്. കോവിഡ് മഹാമാരി പിടിമുറുക്കിയതോടെ ലോകത്താകമാനം വെന്റിലേറ്ററുകളുടെ ക്ഷാമം രൂക്ഷമാണ്.
താങ്ക്‌യൂ റൗളിംഗ് !
ലോക്ക് ഡൗൺ കാലത്ത് കുട്ടികൾക്കായി പുതിയ പുസ്തകവുമായി എത്തുകയാണ് ഹാരി പോട്ടർ' പുസ്തകങ്ങളുടെ രചയിതാവായജെ.കെ റൗളിംഗ്. ദ ഇക്കബോഗ് (The Ickabog) എന്ന തന്റെ പുതിയ പുസ്തകത്തിന്റെ രണ്ട് അദ്ധ്യായങ്ങൾ ബുധനാഴ്ചയാണ്ഓൺലൈൻ വഴി പുറത്തിറക്കിയത്. അടുത്ത ഏഴ് ആഴ്ചകളിലായി ബാക്കി ഭാഗങ്ങളും ഓൺലൈനിൽ വായിക്കാം. വായന പൂർണമായും സൗജന്യമാണ്. വായിക്കുന്ന ഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരയ്ക്കാനും കുട്ടികൾക്ക് അവസരമുണ്ട്. തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ ഇക്കബോഗ് പുസ്‌കമാക്കുമ്പോൾ അതിൽ ഉൾപ്പെടുത്തും. 2010ൽ, ഹാരിപോട്ടർ പരമ്പരയിലെ അവസാന പുസ്‌കത്തിനു പിന്നാലെ ദ ഇക്കബോഗ് പുറത്തിറക്കാനായിരുന്നു തീരുമാനം!
സൽമാൻഖാന്റെ ഫ്രഷ്
സല്ലു സാനിറ്റൈസർസാനിറ്റൈസറുകൾക്കിടയിലേക്ക് ഒരു സ്റ്റാർ ബ്രാൻഡ് കൂടിയെത്തി. ബോളിവുഡ് താരം സൽമാൻഖാന്റെ ഫ്രഷ് (FRSH) സാനിറ്റൈസറാണ് വിപണിയിലെ പുതിയ താരം! ചൊവ്വാഴ്ചയാണ് FRSH ബ്രാൻഡ് സല്ലു പുറത്തിറക്കിയത്.സോപ്പും സാനിറ്റൈസറും അവശ്യവസ്തുക്കളായിരിക്കുന്ന സമയത്താണ് താരത്തിന്റെ ബ്രാൻഡ് ലോഞ്ച്. ഫ്രഷിന്റെ മറ്റ് ഉത്പന്നങ്ങളും ഉടൻ പുറത്തിറക്കുമെന്ന് സൽമാൻ അറിയിച്ചിട്ടുണ്ട്.
പുതിയ സസ്യങ്ങൾ
പുതിയ ചെടികൾപശ്ചിമഘട്ടത്തിന്റെ സസ്യസമ്പത്തിൽ മൂന്ന് പുതിയ സസ്യങ്ങൾ കൂടി . ബൊട്ടാണിക്കൽ സർവേ ഒഫ് ഇന്ത്യയിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തെ (കേരള-തമിഴ്നാട് ) നിത്യഹരിത വനമേഖയിൽ പുതിയ മൂന്ന് സസ്യങ്ങൾ കണ്ടെത്തിയത്. റോസ് ആപ്പിൾ കുടുംബത്തിൽപ്പെട്ട Eugenia sphaerocarpa, കസ്റ്റാഡ് ആപ്പിൾ വിഭാഗത്തിൽപ്പെട്ട Goniothalamus sericesu, കായാമ്പൂ വിഭാഗത്തിലുള്ള Memecylon nervosum എന്നിവയാണ് പുതിയ സസ്യങ്ങൾ
നാസയ്ക്ക് ഇനി നാൻസി
2025ൽ പുറത്തിറക്കാനായി നാസ തയ്യാറാക്കിയ വൈഡ് ഫീൽഡ് ഇൻഫ്രാറെഡ് സർവേ ടെലിസ്‌കോപിന് (WFIRST) ഇനി പുതിയ പേര്- നാൻസി ഗ്രേസ് റോമൻ സ്‌പേസ് ടെലിസ്‌കോപ്. നാസയിലെ ആദ്യ വനിതാ എക്‌സിക്യുട്ടീവും ജ്യോതിശാസ്ത്രജ്ഞയുമായ നാൻസി ഗ്രേസ് റോമന്റെ പേരാണ് ടെലിസ്‌കോപ്പിന് നൽകിയിരിക്കുന്നത്. ഇതുപോഗിച്ച് പ്രപഞ്ച വികാസത്തെപ്പറ്റിയുള്ള രഹസ്യങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം.
സ്‌പോർട്‌സ് ഇനി വ്യവസായം
മിസോറാമിൽ ഇനി സ്‌പോർട്സ് വ്യവസായമാണ്. മേയ് 23 നാണ് സ്‌പോർട്‌സിന് സംസ്ഥാനം 'ഇൻഡസ്ട്രി' പദവി നൽകിയത്. രാജ്യത്ത് ആദ്യമായാണ് സ്പോർട്സിന് ഇങ്ങനെയൊരു പദവി. വിനോദത്തിനു പുറമെ, കായികമേഖലയെ തൊഴിലവസരങ്ങളുടെ ഇടമാക്കി മാറ്റാനാണ് പരിഷ്‌കാരം. പരമ്പരാഗത കായിക ഇനങ്ങൾക്കും ഇവർ പ്രോത്സാഹനം നൽകുന്നുണ്ട്.
ഫേസ്ബുക്ക് വിൽ കാച്ച് അപ്
എട്ടുപേർക്ക് ഒരുമിച്ച് വീഡിയോ കാൾ, എല്ലാവരുടെയും സൗകര്യം നോക്കി ആപ്പ് തന്നെ സമയം കണ്ടെത്തും. ഫേസ്ബുക്ക് പുറത്തിറക്കുന്ന പുതിയ ആപ്ലിക്കേഷനായ കാച്ച് അപ്പിലാണ് ഈ സൗകര്യം. അവരവരുടെ ഒഴിവു സമയം ഏതാണെന്ന് സൂചിപ്പിക്കാൻ കാച്ച് അപ്പിൽ അവസരമുണ്ട്. അതനുസരിച്ച് ആളുകളെ ഏകോപിപ്പിക്കുന്നതാണ് കാച്ച് അപ്പിന്റെ പ്രത്യേകത. കാച്ച് അപ് ഉപയോഗിക്കണമെങ്കിൽ ഫേസ്ബുക്ക് അക്കൗണ്ട് ആവശ്യമില്ല. യു.എസിലാണ് പുതിയ ആപ്പിന്റെ പരീക്ഷണം പുരോഗമിക്കുന്നത്.