covid

കണ്ണൂർ: പ്രവാസികളുടെയും ഇതര സംസ്ഥാനങ്ങളിൽ കഴിഞ്ഞവരുടെയും വരവോടെ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്ന കണ്ണൂരിൽ ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് പോകാനൊരുങ്ങുന്നു. സംസ്ഥാന ശരാശരിയുടെ ഇരട്ടിയോളം പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചതാണ് ജില്ലയുടെ സ്ഥിതി വീണ്ടും അതീവ അപകടാവസ്ഥയിലെത്തിച്ചത്. തുടക്കത്തിൽ കാസർകോടിനെ അപേക്ഷിച്ച് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞിരുന്നു.

എന്നാലിപ്പോൾ കാര്യങ്ങളെല്ലാം കൈവിട്ടു പോയി. ഏറ്റവും ഒടുവിൽ ഏഴുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ 99ലെത്തി നിൽക്കുകയാണ് എണ്ണം. നിരീക്ഷണത്തിൽ കഴിയുന്നവർ പന്ത്രണ്ടായിരം കടന്നിട്ടുണ്ട്. ജില്ലയുടെ തീവ്രബാധിത മേഖലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പിലാക്കാനാണ് ആലോചന. ധർമ്മടത്തെ 22 അംഗ കൂട്ടുകുടുംബത്തിലെ 13 പേർക്കും അവരിലൂടെ രണ്ടുപേർക്കും കൊവിഡ് ബാധിച്ചതാണ് ആശങ്കപ്പെടുത്തുന്ന വിവരം.

തലശ്ശേരി മാർക്കറ്റിലെ മീൻ വിൽപ്പനക്കാരനായ കുടുംബാംഗത്തിൽ നിന്നായിരുന്നു ഇവർക്കെല്ലാം കൊവിഡ് ബാധിച്ചത്. ചെന്നൈയിൽ നിന്നെത്തിയ ട്രക്ക് ഡ്രൈവറിൽ നിന്നാകാം ഇയാൾക്ക് രോഗം പകർന്നതെന്നാണ് നിഗമനം. ഇതേ തുടർന്ന് മാർക്കറ്റ് അടപ്പിച്ചു. ജില്ലയിലെ 25 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത്. ഇതോടെ 25 തദ്ദേശ ഭരണ സ്ഥാപനങ്ങളും ഹോട്ട് സ്പോട്ടുകളാക്കേണ്ടി വന്നു. ഇനി രണ്ടുദിവസം പത്തിലേറെ രോഗികൾ ഉണ്ടായാൽ ജില്ലയിൽ നിരോധനാജ്ഞയും പ്രഖ്യാപിക്കും.

ആവർത്തിച്ചുള്ള അഭ്യർത്ഥനകളൊന്നും പരിഗണിക്കാതെ ഹോം ക്വാറന്റൈനിലെ വ്യവസ്ഥകളൊക്കെ ലംഘിക്കുന്നതാണ് മറ്റൊരു പ്രശ്നം. ഇതോടൊപ്പം കർണാടകയുടെ അതിർത്തി വഴി നിയമ വിരുദ്ധമായി കടന്നു വരുന്നുമുണ്ട്. കാടുവഴി വരുന്നതിനാൽ പൊലീസുകാർ ഇത് അറിയുന്നുമില്ല. വാർഡ് തല ജാഗ്രതാ സമിതിയുടെ സഹായത്തോടെ നടപടി സ്വീകരിക്കാനാണ് ശ്രമിക്കുന്നത്.

മഹാരാഷ്ട്രയിൽ നിന്നും ആളുകളൊക്കെ കൂട്ടത്തോടെ എത്തിയതും ഭീതി സൃഷ്ടിക്കുന്നുണ്ട്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്ന സംഭവത്തിൽ നടപടിയും ശക്തമാക്കുകയാണ്. എന്നാലും ജനം ഇപ്പോഴും ജാഗ്രത പാലിക്കുന്നില്ലെന്നതാണ് ജില്ലാ ഭരണകൂടത്തിന്റെ ആശങ്ക. സംസ്ഥാനത്തെ മരണ സംഖ്യ പത്തിനോട് അടുത്തതും കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തിയ ചെറുപ്പക്കാരനടക്കം രോഗ ബാധിതനായി മരിച്ചതും ആശങ്കയുണ്ടാക്കുന്നു.