kamalamma

കൊവിഡ് പ്രതിസന്ധി സമയത്ത് രാജ്യത്തിന് കൈത്താങ്ങായി എത്തിയത് നിരവധി പേരാണ്. വരുമാനത്തിന്റെ ഒരുപങ്ക് രാജ്യത്തെ പാവപ്പെട്ടവർക്കായി പലരും സംഭാവന ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ കോടികൾ സംഭാവന ചെയ്തവരെ കുറിച്ചൊക്കെ വാർത്തകൾ വരികയും ചെയ്തു. എന്നാൽ, വരുമാനത്തിന്റെ 90 ശതമാനവും അന്നദാനത്തിന് നൽകിയ 70വയസുള്ള കമലമ്മയെ ആർക്കറിയാം.

പ്രിയങ്ക് അറോറ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കമലമ്മയെ കുറിച്ചുള്ള വിവരം പുറത്തുവന്നത്. പെൻഷനായി ലഭിച്ച ആകെയുള്ള വരുമാനമായ 600 രൂപയിൽ 500 രൂപയും കമലമ്മ അന്നദാനത്തിനായി നൽകി. വരുമാനത്തിന്റെ 90 ശതമാനവും സംഭാവന ചെയ്ത അമ്മ മനസിന്റെ കരുതൽ കാണാതിരിക്കാനാവില്ലെന്ന് പ്രിയങ്ക് ഫേസ്ബുക്കിൽ കുറിക്കുന്നു.


മൈസൂരിലെ റോട്ടറി ഹെറിറ്റേജിലെ അംഗമാണ് പ്രിയങ്ക്. കമലമ്മയുടെ ഏരിയയിലും ഇവർ ഭക്ഷണം വിതരണം ചെയ്തിരുന്നു. ഇതുകണ്ടാണ് അന്നദാനത്തിന് ചെറിയൊരു സംഭാവന നൽകിയതെന്ന് പ്രിയങ്ക് വ്യക്തമാക്കുന്നു.ആദ്യം പണം വാങ്ങാൻ മടിച്ചെങ്കിലും അവർ നിർബന്ധിച്ചതിനെ തുടർന്ന് അവരോടുള്ള ആദരമായി പണം സ്വീകരിക്കുകയായിരുന്നുവെന്നും പ്രിയങ്ക് വ്യക്തമാക്കി. ആ നിമിഷം കോടികൾ സംഭാവന ചെയ്ത ടാറ്റമാർ, അംബാനിമാർ, അസിംപ്രേംജി, നാരായണ മൂർത്തി എന്നിവർക്ക് താഴെയല്ല ഈ 70 കാരിയെന്ന് തോന്നിയതായി പ്രിയങ്ക് പറയുന്നു.