kaumudy-news-headlines

1. കോട്ടയം ജില്ലാ ആശുപത്രിയില്‍ കൊവിഡ് നിയന്ത്രണം ലംഘിച്ച് നഴ്സുമാരുടെ അഭിമുഖം. 1000ല്‍ അധികം നഴ്സുമാരാണ് സാമൂഹിക അകലം പോലും പാലിക്കാതെ അഭിമുഖത്തിനായി എത്തിയത്. ഇതോടെ അഭിമുഖം നിറുത്തിവെക്കാന്‍ കോട്ടയം ജില്ലാകളക്ടര്‍ നിര്‍ദേശം നല്‍കി. റോഡിലേക്കും ക്യൂ നീണ്ടതോടെ സ്ഥലത്ത് വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. പൊലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. കോട്ടയത്തെ കോവിഡ് സ്‌പെഷ്യല്‍ ആശുപത്രിയാണ് ജില്ലാ ആശുപത്രി. ഇപ്പോള്‍ രോഗികള്‍ ഇല്ലെന്നാണ് വിവരം. ആശുപത്രി വികസന സമിതിയാണ് 21 താല്‍ക്കാലിക നഴ്സുമാര്‍ക്കായി അഭിമുഖം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ പ്രതീക്ഷിച്ചതിലും അധികം പേര്‍ എത്തിയതാണ് പ്രശ്നമായതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അഭിമുഖം നിറുത്തിവെച്ചതായി ഡിഎംഒ അറിയിച്ചിട്ടുണ്ട്. അഭിമുഖത്തിന് ആയി പ്രത്യേക ഓണ്‍ലൈണ രജിസ്‌ട്രേഷന്‍ നടത്തും.


2. അഞ്ചല്‍ ഉത്ര വധക്കേസില്‍ കൂടുതല്‍ തെളിവുകള്‍. ഉത്രയെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനും സൂരജ് ലക്ഷ്യം ഇട്ടിരുന്നതായി സൂചന. വലിയ തുകക്ക് ഉത്രയുടെ പേരില്‍ സൂരജ് ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നു. ഇതിന്റെ രേഖകള്‍ അന്വേഷണ സംഘം പരിശോധിക്കും. ഉത്രയുടെ പേരില്‍ എടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ നോമിനി സൂരജായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് പോളിസി എടുത്തത്. ഉത്രയുടെ സ്വര്‍ണം നേരത്തെ ലോക്കറില്‍ നിന്ന് സൂരജ് പുറത്ത് എടുത്തിരുന്നു. ഇത് എന്ത് ചെയ്‌തെന്ന് അറിയില്ലെന്ന് ഉത്രയുടെ മാതാപിതാക്കള്‍ പറയുകയുണ്ടായി. പിന്നാലെയാണ് ഇന്‍ഷുറന്‍സ് സംബന്ധിച്ച വിവരം അന്വേഷസംഘത്തിന് ലഭിച്ചത്
3. സൂരജിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പുനലൂര്‍ കോടതിയില്‍ ഹാജരാക്കുമ്പോള്‍ കസ്റ്റഡി കാലാവധി നീട്ടണമെന്ന് പൊലീസ് ആവശ്യപ്പെടും. സൂരജിന്റെ മാതാപിതാക്കളെയും ചോദ്യംചെയ്‌തേക്കും. അതിനിടെ, സൂരജിന്റെ കുടുംബത്തിന് എതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാന്‍ നിര്‍ദ്ദേശം. വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പത്തനംതിട്ട എസ്പിക്ക് നിര്‍ദേശം നല്‍കി. സൂരജിന്റെ മാതാപിതാക്കള്‍,സഹോദരി എന്നിവര്‍ക്ക് എതിരെ നടപടി എടുക്കണം എന്നാണാവശ്യം. ഉത്രയ്ക്ക് സൂരജിന്റെ കുടുംബത്തില്‍ നിന്നും ഗാര്‍ഹിക പീഡനം ഉണ്ടായിട്ടുണ്ടെന്ന ആരോപണം ഉത്രയുടെ ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. സ്ത്രീധനം തിരികെ നല്കാതിരിക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന വിവരവും പുറത്ത് വരുന്ന സാഹചര്യത്തിലാണ് സൂരജിന്റെ ബന്ധുക്കള്‍ക്ക് എതിരെയും അന്വേഷണം നടത്തി കേസെടുക്കാന്‍ വനിത കമ്മിഷന്‍ നിര്‍ദ്ദേശിച്ചത്.
4. ആലപ്പുഴ തുറവൂരില്‍ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം. കേസില്‍ പൊലീസ് കുറ്റപത്രം നല്‍കിയത് മറച്ചുവച്ചാണ് പ്രതി ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയത്. അറസ്റ്റ് ചെയ്ത് 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പ്രതിയായ സഫര്‍ഷായ്ക്ക് സോപാധിക ജാമ്യം നല്‍കണം എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കുറ്റപത്രം സമര്‍പ്പിക്കാന്‍ ആയില്ലെന്ന് പ്രോസിക്യൂഷനും ഏറ്റുപറഞ്ഞു. ഇതിനെ തുടര്‍ന്ന് കോടതി ജാമ്യം നല്‍കുക ആയിരുന്നു. ഗുരുതരമായ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിന് അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിമര്‍ശിക്കുകയും ചെയ്തു.
5. പ്രതിയുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പൊലിസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കഴിഞ്ഞ ജനുവരി 7നാണ് എറണാകുളം സ്വദേശിയായ പെണ്‍കുട്ടിയെ സഫര്‍ കൊലപ്പെടുത്തി വാല്‍പ്പാറയിലെ കാട്ടില്‍ ഉപേക്ഷിച്ചത്. ജനുവരി 8ന് സഫറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഏപ്രില്‍ ഒന്നിന് വിചാരണ കോടതിയില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം പ്രതിഭാഗവും പ്രോസിക്യൂഷനും കോടതിയില്‍ മറച്ചുവച്ചാണ് പ്രതിക്ക് ജാമ്യം നേടി കൊടുത്തത്.
6. രാജ്യത്തെ കൊവിഡ് കണക്കുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 265 പേര്‍ മരിച്ചു. 7,964 പേര്‍ രോഗ ബാധിതര്‍ ആയതായി ആരോഗ്യ മന്ത്രിലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ ഉള്ളതില്‍ ഏറ്റവും വലിയ പ്രതിദിന വര്‍ധനവ് ആണിത്. ആകെ രോഗ ബാധിതരുടെ എണ്ണം 1,73,763 ആയി. മരണസംഖ്യ 4971 ആയി. 86,422 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടാനാണ് സാധ്യത. ഇത് സംബന്ധിച്ച് ഇന്ന് തീരുമാനം വന്നേക്കും
7. ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയെ കണ്ടിരുന്നു. സംസ്ഥാനങ്ങളുടെ നിലപാട് അനുസരിച്ച് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കുന്നതില്‍ പ്രധാനമന്ത്രിയുടെ ഉപദേശം അമിത് ഷാ തേടി. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്കുന്നതാവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം. നാളെ മന്‍കിബാത്ത് പരിപാടിയില്‍ പ്രധാനമന്ത്രി രാജ്യത്തെ പൊതുസ്ഥിതി വിശദീകരിക്കും. അതിനിടെ, ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ഡല്‍ഹി എയിംസിലെ 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ എയിംസില്‍ കൊവിഡ് ബാധിതരായ ജീവനക്കാരുടെ എണ്ണം 206 ആയി. ഫെബ്രുവരി ഒന്നു മുതല്‍ ഇതുവരെ എയിംസിലെ 206 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആണ് കൊവിഡ് സ്ഥിരീകരിച്ചത്
8. ലോകാരോഗ്യ സംഘടനയും ആയുള്ള ബന്ധം അവസാനിപ്പിക്കുന്നു എന്ന് അമേരിക്ക. ആദ്യഘട്ടത്തില്‍ കൊവിഡ് വ്യാപനം തടയാന്‍ സംഘടന ഒന്നും ചെയ്തില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സംഘടനയ്ക്കുള്ള ധനസഹായം അവസാനിപ്പിക്കും മെന്നും തുക മറ്റ് ആരോഗ്യ സംഘടനകള്‍ക്ക് നല്‍കുമെന്നും ട്രംപ് അറിയിച്ചു. കൊവിഡ് വ്യാപനത്തിന് പിന്നാലെ ലോക ആരോഗ്യ സംഘടനയ്ക്ക് എതിരെ നേരത്തെയും അമേരിക്ക രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. 30 മുപ്പത് ദിവസത്തിനകം രോഗം തടയുന്നതില്‍ കാര്യമായ പുരോഗതി കൈവരിച്ചില്ലെങ്കില്‍, സംഘടനക്കുള്ള ഫണ്ട് സ്ഥിരമായി നിര്‍ത്തലാക്കും എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.