lockdownn

ന്യൂഡൽഹി: രാജ്യത്ത് 70 ശതമാനത്തോളം കൊവിഡ് രോഗബാധക്ക് കാരണമാകുന്ന 13 നഗരങ്ങളിൽ അടുത്തഘട്ട ലോക്ഡൗണിൽ ശക്തമായ നിരീക്ഷണങ്ങളും കർശനമായ വ്യവസ്ഥകളും ഉണ്ടാകുമെന്ന് സൂചന. നാലാംഘട്ട ലോക്ഡൗൺ അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന രണ്ട് കൂടിയാലോചനകളിലാണ് ഈ തീരുമാനമുണ്ടായത്. കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിലായിരുന്നു ആദ്യ യോഗം. രണ്ടാമത്തേത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും.

പുതിയതായി വരുന്ന ലോക്ഡൗൺ നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്നവയാണ്. എന്നാൽ കേന്ദ്ര നിർദ്ദേശം അനുസരിച്ച് തന്നെവേണം സംസ്ഥാനങ്ങൾ അവ നടപ്പാക്കാൻ. ഈ നിർദ്ദേശങ്ങൾ കേന്ദ്രം പുറപ്പെടുവിച്ച് കഴിഞ്ഞു.

കണ്ടെയ്ൻമെന്റ്, ബഫർ സോണുകൾ രേഖപ്പെടുത്തുന്നതിനും കണ്ടെയ്ൻമെന്റ് സോൺ പരിധിയിലെ നിയന്ത്രണവും വീട് വീടാന്തരം കയറിയുള്ള സജീവ കേസുകളുടെ കണക്കെടുപ്പും, സമ്പർക്കപട്ടിക തയ്യാറാക്കലും, പുതിയവയുടെ ടെസ്റ്രും, രോഗബാധിതരുടെ കൈകാര്യം ചെയ്യലുമെല്ലാം പുതിയ നിർദ്ദേശങ്ങളിൽ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

നിയന്ത്രണങ്ങൾ വരുന്ന നഗരങ്ങളിൽ മെട്രോ നഗരങ്ങളെല്ലാമുണ്ട്. മാത്രമല്ല മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമുള്ള മൂന്ന് വീതം നഗരങ്ങൾ, രാജസ്ഥാനിലെ രണ്ട് നഗരങ്ങൾ എന്നിവയുണ്ട്. മാ‌ർച്ച് 24ന് പ്രഖ്യാപിച്ച ലോക്ഡൗൺ നാലാംഘട്ടം ഇന്ന് പൂർത്തിയാകുകയാണ്. ഇവയാണ് പതിമൂന്ന് നഗരങ്ങൾ മുംബയ്, ചെന്നൈ, അഹമ്മദാബാദ്, ഡൽഹി, താനെ, പൂനെ, ഹൗറയോട് ചേർന്നിരിക്കുന്ന കൽക്കത്ത നഗര ഭാഗങ്ങൾ, ഹൈദരാബാദ്,ഇൻഡോർ, ജയ്പൂർ,ജോധ്പൂർ, ചെങ്കൽപേട്ട്, തിരുവള്ളൂർ.