kashmir

ശ്രീനഗർ: രാജ്യത്ത് ഏറെ കോലാഹലം സൃഷ്ടിക്കുകയും നിരവധി രാഷ്ട്രീയ നേതാക്കളെ തടവിലാക്കുകയും ചെയ്ത ആർട്ടിക്കിൾ 370 വിവാദത്തിന് പിന്നാലെ സൈന്യം ജമ്മു കാശ്മീരിൽ ഭൂ ഉടമകളാകുന്നു. ബാരാമുള്ളയിൽ ആറര ഹെക്ടർ ഭൂമി സ്വന്തമാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി ഭൂമി ആവശ്യപ്പെട്ട് ജില്ലാ അധികൃതർക്ക് കത്തു നൽകിയിട്ടുണ്ട്. ഇൻഫൻട്രി ഡിവിഷൻ 19 ന്റെ ക്വാർട്ടർ മാസ്റ്ററാണ് കത്ത് നൽകിയത്.

മെയ് 30 നകം മറുപടി നൽകണമെന്നാണ് ആവശ്യം. നേരത്തെ സൈന്യത്തിന് ഭൂമി വാങ്ങാൻ നിരവധി നൂലാമാലകൾ ഉണ്ടായിരുന്നു. പഠാൻ പ്രദേശത്തെ താപ്പർവാരിയിലാണ് സ്ഥലം കണ്ടെത്തിയത്. താത്കാലിക സംവിധാനത്തിലാണ് ഇവിടെ ഇതുവരെ സൈന്യം കഴിഞ്ഞിരുന്നത്. ഭൂമി വാടകയ്ക്ക് മാത്രം വാങ്ങിയിരുന്ന സംവിധാനം മാറിയതോടെയാണ് പുതിയ നീക്കം.

ഭൂമി സ്വന്തമായി ലഭിക്കുന്നതോടെ വിപുലമായ ക്യാമ്പ് സംവിധാനങ്ങൾ ഒരുക്കാം. ഇതോടെ കാശ്മീരിലെ വിഘടനവാദത്തിനും ശക്തമായ മറുപടി നൽകാനാകും. കാശ്മീരിനുള്ള പ്രത്യേക അവകാശം എടുത്ത് കളഞ്ഞതിന് പിന്നാലെ പഴയ മുഖ്യമന്ത്രിമാരെയടക്കം ഭരണകൂടം വീട്ടുതടങ്കലിലാക്കിയിരുന്നു. ഇതേതുടർന്ന് വിവിധ സംസ്ഥാനങ്ങളിലായി നടന്ന പ്രതിഷേധവും രാജ്യത്ത് സംഘർഷങ്ങൾക്ക് ഇടയാക്കി.