pic

ദുബായ്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പല രാജ്യങ്ങളും നിയന്ത്രണങ്ങൾക്ക് ഇളവ് നൽകി തുടങ്ങി. ദുബായിലും കടുത്ത നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകുകയാണ് ഭരണകൂടം. ഇതിന്റെ ഭാഗമായി ബീച്ചുകളും പാർക്കുകളും പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ജുമൈറ, ജെബിആർ, അൽ മംസർ, ഉം സുഖീം എന്നീ ബീച്ചുകളാണ് തുറന്നത്. എന്നാൽ, സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുതെന്നാണ് നിർദേശം. എല്ലാവിധ

മുൻകരുതലുകളും എടുത്തു വേണം ജനങ്ങൾ ബീച്ചുകളിലെത്താനെന്നും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ദുബായിൽ ലോക്ക് ഡൗണിൽ മറ്റുചില ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. സ്റ്റേ ഹോം സമയം രാത്രി 11 മുതൽ രാവിലെ ആറു വരെയാക്കി ചുരുക്കിയിട്ടുണ്ട്. പകുതി ജീവനക്കാരെ വച്ച് കമ്പനികൾക്ക് തുറന്നു പ്രവർത്തിക്കാം. തിയറ്ററുകൾ, മാളുകൾ, ജിമ്മുകൾ, ഐസ് റിങ്കുകൾ എന്നിവയ്ക്കും പ്രവർത്തനാനുമതി നൽകി. ജൂൺ ഒന്നുമുതൽ മ്യൂസിയങ്ങളും ഘട്ടംഘട്ടമായി തുറക്കും. എന്നാൽ, പൊതുസ്ഥലങ്ങളിൽ എത്തുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കണമെന്നാണ് നിർദേശം. ഇല്ലെങ്കിൽ പിഴ നൽകേണ്ടിവരും. ജൂലൈ മുതൽ ദുബായിലേക്ക് ടൂറിസ്റ്റുകൾ വീണ്ടും എത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.