ലഖ്നൗ: രാജ്യമാകെ പ്രഖ്യാപിച്ച ലോക് ഡൗൺ കാരണം താൻ ജോലി ചെയ്യുന്ന ഷാജാഹാൻപൂരിലെ ഹോട്ടൽ അടച്ചത് ഭാനുപ്രകാശ് ശർമ്മ എന്ന അൻപത് വയസ്സുകാരന് നൽകിയ ആഘാതം ചെറുതൊന്നുമല്ല. സർക്കാർ റേഷൻ വഴി അരിയും ഗോതമ്പുമെല്ലാം ലഭിച്ചെങ്കിലും ജോലി ഇല്ലാതായതോടെ മറ്റ് വസ്തുക്കൾ വാങ്ങാൻ പണമില്ലാതെ അയാൾ ട്രെയിനിനു മുൻപിൽ ചാടി ആത്മഹത്യ ചെയ്തു.
ഭാര്യയും നാല് മക്കളും അമ്മയുമാണ് ശർമ്മക്കുള്ളത്. പണം കൈയിലില്ലാത്തതിനാൽ അസുഖ ബാധിതയായ അമ്മയ്ക്ക് മരുന്ന് വാങ്ങാൻ പോലും കഴിയാത്ത വിഷമത്തിലാണ് ഇയാൾ ആത്മഹത്യ ചെയ്തത്. ഇയാളുടെ ശരീരത്തിൽ നിന്ന ലഭിച്ച ആത്മഹത്യാ കുറിപ്പിൽ ലോക് ഡൗൺ കാരണമാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന സൂചിപ്പിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞയുടൻ ഉത്തർപ്രദേശ് സർക്കാർ കുടുംബത്തിന് വേണ്ട സഹായം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെയും ഒന്നാം വാർഷികം ആഘോഷിക്കുന്ന കേന്ദ്ര സർക്കാരിനെയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. 'ഒന്നാം വർഷത്തിന്റെ ആശംസ കത്തുകൾ എത്തുന്ന സമയത്ത് ഇത്തരം കത്തുകളും സർക്കാർ വായിക്കണം.' എന്ന് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.