വാഷിംഗ്ടൺ: അമേരിക്കയിൽ കറുത്തവർഗ്ഗക്കാരൻ ജോർജ് ഫ്ലോയിഡിനെ വർണവെറിയുടെ വൈറസ് ബാധിച്ച പൊലീസുകാരൻ കഴുത്തിൽ കാലമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനെതിരെ പ്രക്ഷോഭവും അക്രമങ്ങളും ശക്തമായതോടെ ട്രംപ് ഭരണകൂടം സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.
കൊവിഡിൽ ആടിയുലഞ്ഞ അമേരിക്ക ഫ്ലോയിഡ് വധം കൂടി ആയപ്പോൾ അക്ഷരാർത്ഥത്തിൽ ശ്വാസം മുട്ടുകയാണ്. വൈറസിനോട് തോറ്റ ട്രംപ് ഭരണകൂടത്തോടുള്ള അമർഷവും പ്രക്ഷോഭമായി പൊട്ടിത്തെറിക്കുകയാണ്.
രാജ്യത്താകെ പടരുന്ന പ്രക്ഷോഭം വൈറ്റ്ഹൗസിന്റെ പടിക്കൽ വരെ എത്തിയതോടെയാണ് പെന്റഗൺ സൈനിക നടപടി ആലോചിക്കുന്നത്. മിലിട്ടറി യൂണിറ്റുകൾ അടിയന്തര നോട്ടീസിൽ രംഗത്തിറങ്ങാൻ സജ്ജമായിരിക്കാനാണ് നിർദ്ദേശം. വേണ്ടിവന്നാൽ സൈന്യത്തെ വിളിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് ജനക്കൂട്ടം ''എനിക്ക് ശ്വാസം മുട്ടുന്നു''എന്ന ഫ്ലോയിഡിന്റെ അവസാന വാക്കുകൾ മുദ്രാവാക്യം പോലെ മുഴക്കി വൈറ്റ് ഹൗസിന് സമീപം തടിച്ചു കൂടിയിരുന്നു. ഫ്ലോയിഡിന്റെയും 2014ൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കറുത്ത വർഗക്കാരനായ എറിക് ഗാർനറുടെയും ചിത്രങ്ങളും അവർ വഹിച്ചിരുന്നു. ജനക്കൂട്ടത്തെ ഭയന്ന് വൈറ്റ് ഹൗസിലേക്കുള്ള കവാടങ്ങളെല്ലാം പൊസീസ് അടച്ചു.
ഫ്ലോയിഡിന്റെ കൊലപാതകം ആഫ്രിക്കൻ വംശജരോടുള്ള അമേരിക്കൻ പൊലീസിന്റെ ക്രൂരതയ്ക്കെതിരായ പ്രക്ഷോഭമായി വളരുകയാണ്.
ഇന്നലെ ഡെട്രോയിറ്റിൽ പത്തൊൻപതുകാരനെ വെടിവച്ചു കൊന്നു. അറ്റ്ലാന്റയിൽ സി.എൻ.എൻ ഓഫീസിന്റെ ജനാലച്ചില്ലുകൾ പൊട്ടിക്കുകയും പൊലീസ് കാർ കത്തിക്കുകയും ചെയ്തു. നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോർക്കിലെ ബ്രൂക്ക്ലിനിൽ ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിരവധി പൊലീസുകാർക്ക് പരിക്കേറ്റു. ഹൂസ്റ്റൺ, ഡാലസ്, ഫിനിക്സ്, ഓക്ലൻഡ്, വാഷിംഗ്ടൺ ഡി.സി തുടങ്ങി നിരവധി നഗരങ്ങളിലും പ്രകടനങ്ങൾ നടന്നു. പലയിടത്തും ജനങ്ങൾ പൊലീസുമായി ഏറ്റുമുട്ടി. സംഭവം നടന്ന മിനിയാപ്പൊളിസിൽ ആയിരക്കണക്കിന് ആളുകൾ കർഫ്യൂ ലംഘിച്ച് ഇന്നലെയും തെരുവിലിറങ്ങി. ഒരു ജാപ്പനീസ് റെസ്റ്റോറന്റും ഒരു ബാങ്കും നിരവധി ഓഫീസ് കെട്ടിടങ്ങളും കത്തിച്ചു.
ഫ്ലോയിഡിനെ കൊലപ്പെടുത്തിയ പൊലീസുകാരൻ ഡെറെക് ചൗവിനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. കൊലക്കുറ്റം തെളിഞ്ഞാൽ കുറഞ്ഞത് 12 വർഷം ജയിൽ ശിക്ഷ ലഭിക്കും.
പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ഫ്ലോയിഡിന്റെ പോസ്റ്റ്മോട്ടം റിപ്പോർട്ടിൽ മരണകാരണം ശ്വാസംമുട്ടലാണെന്ന് വ്യക്തമാക്കുന്നില്ല. പൊലീസിന്റെ ബലപ്രയോഗവും നേരത്തേയുള്ള ഹൃദ്രോഗവും മരണകാരണമായിരിക്കാം എന്നാണ് പറയുന്നത്. എന്നാൽ പൊലീസുകാരനായ ചൗവിൻ ഫ്ലോയിഡിന്റെ കഴുത്തിൽ മുട്ടമർത്തിയതിനെ പറ്റി വിശദമാക്കുന്നുണ്ട്. ഇയാൾ 8 മിനിറ്റ് 46 സെക്കൻഡ് ഫ്ലോയിഡിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയിരുന്നു. അതിനിടയ്ക്ക് ഫ്ലോയിഡ് ചലനമറ്റിരുന്നു. പിന്നെയും മൂന്ന് മിനിറ്റോളം ചൗവിൻ കാൽമുട്ട് കഴുത്തിൽ അമർത്തിയിരുന്നു. മറ്റ് ഓഫീസർമാർ ഫ്ലോയിഡിന്റെ പൾസ് പരിശോധിച്ചപ്പോൾ നിലച്ചിരുന്നു. പിന്നെയും രണ്ട് മിനിറ്റിന് ശേഷമാണ് ചൗവിൻ കാൽമുട്ട് മാറ്റിയത്.