george-floyd

വാഷിംഗ്ടൺ: വർണ്ണവെറിയുടെ ഇരയായി അമേരിക്കയിൽ കൊല്ലപ്പെട്ട ജോർജ് ഫ്ലോയിഡിന് നീതി വേണമെന്ന് ആവശ്യപ്പെട്ടുള്ള ജനകീയ പ്രക്ഷോഭം അമേരിക്കൻ തെരുവുകളിൽ ശക്തി പ്രാപിക്കുന്നു. പൊലീസ് ക്രൂരതയിൽ ജീവൻ നഷ്ടമായ കറുത്ത വർഗക്കാരന് വേണ്ടിയുടെ പോരാട്ടം അറ്റ്ലാന്റ, കെന്റക്കി, ന്യൂയോർക്ക്, കാലിഫോർണിയ എന്നിവിടങ്ങളിലാണ് നടക്കുന്നത്. കൊവിഡ് 19 കാലത്ത് ലക്ഷങ്ങളുടെ ജീവൻ നഷ്ടമായ രാജ്യമായിട്ടും അമേരിക്കയിലെ നിരോധനാജ്ഞ പോലും ലംഘിച്ചാണ് പ്രതിഷേധം കടുപ്പിക്കുന്നത്.

അറ്റ്ലാന്റയിൽ സി.എൻ.എൻ ചാനലിന്റെ ഓഫീസ് ആക്രമിച്ചു. പ്രതിഷേധം നാലാം ദിവസത്തിലേക്ക് എത്തിയതോടെ കാര്യങ്ങൾ കൈവിട്ടു പോകുമോയെന്ന ആശങ്കയിലായിട്ടുണ്ട്. അമേരിക്കയിലെ മിനസോട്ടയിലെ മിനിയ പോളിയയിലാണ് ജോർജിനെ പൊലീസുകാരൻ കാലിനിടയിൽ ഇറുക്കി പിടിച്ച് ശ്വാസം മുട്ടിച്ച് കൊന്നത്. സംഭവത്തിൽ പൊലീസുകാരെ പിരിച്ച് വിട്ടെങ്കിലും ക്രൂരതയെ അപലപിക്കാതെ ന്യായീകരിക്കാനാണ് പൊലീസ് നേതൃത്വം തയ്യാറായത്.

ഇതും പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്നു. ഒരു കടയിൽ നടന്ന തട്ടിപ്പ് അന്വേഷിക്കാനെത്തിയ ഡെറിക് ചോവ് എന്ന പൊലീസുകാരനാണ് കൊലപാതകം നടത്തിയത്. വേദനയെടുക്കുന്നു, ശ്വാസം മുട്ടുന്നു എന്ന് കരഞ്ഞുപറഞ്ഞിട്ടും എട്ട് മിനിറ്റ് 46 സെക്കൻഡ് നേരം ഇയാൾ തന്റെ കായിക ശേഷി ഈ യുവാവിന്റെ ശരീരത്തിൽ പ്രയോഗിച്ചു. വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പ്രതിഷേധം വ്യാപിച്ചത്. നിരവധി സ്ഥാപനങ്ങൾ അഗ്നിയ്ക്ക് ഇരയായിട്ടുണ്ട്.