മോസ്കോ: റഷ്യയിലെ വെക്ടർ സ്റ്റേറ്റ് സെന്റർ ഫോർ വൈറോളജി ആൻഡ് ബയോടെക്നോളജിയുടെ ( വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് ) കൊവിഡ് വൈറസ് വാക്സിന്റെ ക്ലിനിക്കൽ ട്രയൽ ജൂണിൽ ആരംഭിക്കും. വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ ആയ റിനാട്ട് മാക്സ്യൂറ്റോവ് റഷ്യൻ വാർത്താ ഏജൻസിയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതീക്ഷയ്ക്ക് ഏറെ വകയുള്ള മൂന്ന് വാക്സിൻ പ്രോട്ടോടൈപ്പുകൾ കൂടുതൽ പഠനങ്ങൾക്കായി ഗവേഷകർ തിരഞ്ഞെടുത്ത് കഴിഞ്ഞതായും മാക്സ്യൂറ്റോവ് പറയുന്നു. ഏപ്രിലിൽ റഷ്യൻ പ്രധാനമന്ത്രി വ്ലാഡിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ വാക്സിന്റെ ആദ്യ ഘട്ട ക്ലിനിക്കൽ ട്രയൽ ആരംഭിക്കുമെന്ന് വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. മൃഗങ്ങളിൽ നടത്തിയ വാക്സിന്റെ പരീക്ഷണ ഫലം ആരോഗ്യ മന്ത്രാലയത്തിന് സമർപ്പിച്ച് അനുമതി ലഭിച്ച ശേഷം ജൂൺ 29ന് ക്ലിനിക്കൽ ട്രയൽ ആരംഭിക്കാനാണ് പദ്ധതി.
ഇതുവരെ കൊവിഡ് വൈറസ് പ്രതിരോധ വാക്സിന്റെ 25 വ്യത്യസ്ത രൂപങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് മൃഗങ്ങളിൽ പരീക്ഷണം നടത്തിക്കഴിഞ്ഞു. ഇതിൽ നിന്ന് ഏറ്റവും സുരക്ഷിതവും വൻ തോതിലുള്ള ഉത്പാദനത്തിന് അനുയോജ്യവുമായ മൂന്ന് പ്രോട്ടോടൈപ്പുകളാണ് ജൂണിൽ ട്രയലിന് വിധേയമാക്കുന്നത്. നിലവിൽ 3,96,575 രോഗികളും 4,555 മരണവുമാണ് റഷ്യയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണത്തിൽ ലോകത്ത് മൂന്നാം സ്ഥാനമാണ് റഷ്യയ്ക്ക്. മരണ നിരക്ക് തീരെ കുറഞ്ഞിരിക്കുന്നു എന്നതാണ് ആശ്വാസം.
റഷ്യയുടെ കൊവിഡ് വൈറസ് വാക്സിൻ പര്യവേഷണ രംഗം ഏറെ ഉറ്റുനോക്കുന്നത് വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ്. ലോകത്തെ ഏറ്റവും പ്രശസ്തമായ വൈറസ് റിസർച്ച് സെന്ററുകളിൽ ഒന്നും നാല് ദശാബ്‌ദത്തിലേറെയായി പ്രവർത്തിച്ചു വരികയും ചെയ്യുന്ന വെക്ടർ ഇൻസ്‌റ്റിറ്റ്യൂട്ടിന് എബോളയുൾപ്പെടെയുള്ള രോഗങ്ങൾക്ക് പ്രതിരോധ വാക്സിൻ വിജയകരമായി വികസിപ്പിച്ചെടുത്ത ചരിത്രമുണ്ട്. സൈബീരിയയ്ക്ക് അടുത്തുള്ള നോവോസിബിർസ്കിലെ കോൽട്സോവോയിലാണ് വെക്ടർ ഇൻസ്‌റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്. ജൂൺ മാസത്തോടെ വെക്ടറിൽ കൊവിഡ് വൈറസിനെതിരെയുള്ള പ്രതിരോധ മരുന്ന് വിജയകരമായി കണ്ടെത്തുമെന്ന് മാർച്ചിൽ തന്നെ അറിയിച്ചിരുന്നു. കൊവിഡിനെതിരെയുള്ള 13 ആദ്യ മാതൃകാ വാക്സിനുകൾ മാർച്ചിൽ തന്നെ നിർമിച്ചിരുന്നു. ജൂണോടെ ഇവയിൽ ഒന്നോ രണ്ടോ എണ്ണം കൊവിഡിനെതിരെ ഫലപ്രദമായി ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ വികസിപ്പിച്ചെടുക്കുമെന്നും ഗവേഷകർ അറിയിച്ചിരുന്നു.
കീരിയിലും, ലീമർ, ലോറിസ്, ഗാലെഗോസ് തുടങ്ങിയ ലോവർ പ്രൈമറ്റുകളിൽ വാക്സിനുകളുടെ പരീക്ഷണങ്ങൾ നടത്തിയത്. റഷ്യയിലെ എല്ലാ കൊവിഡ് വൈറസ് സാമ്പിളുകളും ഇവിടെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതീവ സുരക്ഷാ വലയത്തിൽ പ്രവർത്തിക്കുന്ന വെക്ടർ ഒരിക്കൽ സോവിയറ്റ് യൂണിയന്റെ ജൈവായുധ പദ്ധതിയുടെ ഭാഗമായിരുന്നു. വസൂരി, മാർബർഗ് തുടങ്ങിയ മാരക വൈറസുകളെ ഇവിടെ വികസിപ്പിച്ചിട്ടുണ്ട്. പല മാരക രോഗത്തിനും ഹേതുവായ വൈറസുകളെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.
1974ൽ പ്രവർത്തനമാരംഭിച്ച ഈ ലാബ് ജൈവായുധങ്ങൾ നിർമിക്കാൻ വേണ്ടിയാണ് സോവിയറ്റ് യൂണിയൻ നിർമിച്ചതെന്നാണ് പൊതുവെ പറയപ്പെടുന്നത്. ഇപ്പോഴും ജൈവായുധങ്ങളെ പറ്റിയുള്ള ഗവേഷണങ്ങൾ ഇവിടെ നടക്കുന്നുണ്ടോയെന്ന് അറിവില്ല. ബുബോനിക് പ്ലേഗ്, ആന്ത്രാക്സ്, ഹെപ്പറ്റൈറ്റിസ് ബി, എച്ച്.ഐ.വി, സാർസ്, കാൻസർ തുടങ്ങിയ രോഗങ്ങൾക്കുള്ള വാക്സിനുകൾ വികസിപ്പിക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട്. വസൂരി വൈറസുകളെ സൂക്ഷിച്ചിരിക്കുന്ന ലോകത്തെ രണ്ട് ലാബുകളിൽ ഒന്നാണ് വെക്ടർ. മറ്റൊന്ന് അമേരിക്കയിലെ അറ്റ്ലാൻഡയിലുള്ള സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷനാണ്.