ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികൾക്ക് വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങുവാനായി ആരംഭിച്ച ശ്രമിക്ക് ട്രെയിനുകളിൽ മേയ് 9 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ മരിച്ചത് 80 പേർ. 3840 വണ്ടികളിലായി അൻപത് ലക്ഷം തൊഴിലാളികൾ യാത്ര ചെയ്തിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു. ഈയടുത്ത ദിവസങ്ങളിൽ ഒൻപതോളം പേർ ഈ വണ്ടികളിൽ മരിച്ചിരുന്നു. എന്നാൽ റെയിൽവേ മന്ത്രാലയം ഇവരെ ഏറെനാളായി സുഖമില്ലാതിരുന്നവരാണ് എന്ന കണക്കിലാണ് പെടുത്തിയിരിക്കുന്നത്. ഇവർ ചികിത്സാർത്ഥം മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയതാണെന്നാണ് മന്ത്രാലയത്തിന്റെ വാദം.
യാത്രക്കാർ ചൂടും, ആഹാരമോ വെള്ളമോ കിട്ടാതെ വന്ന ബുദ്ധിമുട്ടോ കൊണ്ടാണ് മരിച്ചത് എന്ന വാദം തള്ളുന്നതിനു തുല്യമായിരുന്നു റെയിൽവേ ബോർഡ് ചെയർമാൻ വി.കെ.യാദവിന്റെ പ്രതികരണം. 'ആർക്കെങ്കിലും സുഖമില്ലാതെ വന്നാൽ അടുത്തുള്ള സ്റ്റേഷനിൽ നിർത്തി അവരെ ഉടൻ ആശുപത്രിയിലെത്തിക്കും. തൊഴിലാളികളുടെ മരണത്തെ കുറിച്ച് അതാത് സോണുകൾ അന്വേഷിക്കും. ഭക്ഷണത്തിന് പ്രയാസമില്ലാത്തപ്പോൾ പോലും യാത്രക്കാർ ആഹാരം കിട്ടാതെ മരിച്ചു എന്ന് പറയപ്പെടുന്നുണ്ട്. അവയെല്ലാം അന്വേഷിച്ച് ശരിയായ കണക്ക് പിന്നീട് അറിയിക്കും.' യാദവ് പറയുന്നു.
നാല് വയസ്സുമുതൽ 85 വയസ്സുവരെയുള്ള മരിച്ചവരുടെ ലിസ്റ്റിൽ റെയിൽവേ അപകടങ്ങളിൽ മരിച്ചവരുമുണ്ട്. നോർത്തേൺ റെയിൽവേയിൽ തന്നെ 10 പേർ വിവിധ ബുദ്ധിമുട്ടുകൾ മൂലം മരിച്ചു. വ്യാഴാഴ്ച സുപ്രീംകോടതി ഇറക്കിയ ഇടക്കാല ഉത്തരവിൽ കുടിയേറ്റ തൊഴിലാളികൾ പുറപ്പെടുന്ന സംസ്ഥാനം അവർക്ക് ഭക്ഷണവും വെള്ളവും നൽകണം എന്ന് പറയുന്നുണ്ട്.