trump
TRUMP

വാഷിംഗ്ടൺ: ലോകാരോഗ്യ സംഘടനയുമായുള്ള എല്ലാ ബന്ധവും അമേരിക്ക അവസാനിപ്പിക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആഗോള മഹാമാരി നിയന്ത്രിക്കുന്നതിൽ സംഘടന പരാജയപ്പെട്ടെന്നും ചൈനയെ സംരക്ഷിക്കുന്നുവെന്നും ആരോപിച്ചാണ് തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി.

ആവശ്യമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിൽ അവർ പരാജിതരായി. തന്മൂലം, ഇന്ന് ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിക്കുന്നു.ഇപ്പോൾ ചൈനയ്ക്ക് ലോകാരോഗ്യസംഘടനയുടെ മുഴുവൻ നിയന്ത്രണവും ഉണ്ട്. അമേരിക്ക പ്രതിവർഷം 400 ദശലക്ഷം കോടി ഡോളറാണ് (3000 കോടി ഇന്ത്യൻ രൂപ) ലോകാരോഗ്യ സംഘടനയ്ക്ക് നൽകുന്നത്. എന്നാൽ ചൈനയാകട്ടെ നാല് കോടി ഡോളറും. ഇത്രയും കുറഞ്ഞ തുക കൊടുത്തിട്ടും അവർ ലോകാരോഗ്യ സംഘടനയെ നിയന്ത്രിക്കുന്നു. - ട്രംപ് പറഞ്ഞു.

അമേരിക്ക സംഘടനയ്ക്ക് നൽകിയിരുന്ന ധനസഹായം ഇനി മറ്റ് ആഗോള ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നതിനായി വിനിയോഗിക്കുമെന്നാണ് ട്രംപ് പറയുന്നത്. ഏപ്രിലിൽ സംഘടനയ്ക്ക് നൽകുന്ന സഹായം ട്രംപ് ഭാഗികമായി വെട്ടിക്കുറച്ചിരുന്നു. പിന്നീട്, ധനസഹായം പൂർണമായും നിറുത്തിവെക്കുമെന്ന് ട്രംപ് മെയ് 19 ന് മുന്നറിയിപ്പ് നൽകിയിരുന്നു. 30 ദിവസത്തിനകം പ്രവർത്തന രീതി മെച്ചപ്പെടുത്തിയില്ലെങ്കിൽ സംഘടനയിൽ തുടരുന്നകാര്യം അമേരിക്ക പുനരാലോചിക്കുമെന്നും സംഘടന തലവൻ ടെഡ്രോസ് അഥനോമിന് എഴുതിയ കത്തിൽ ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ചൈനയ്ക്കെതിരായ നയതന്ത്രയുദ്ധത്തിന്റെ ഭാഗമാണ് ട്രംപിന്റെ നടപടിയെന്നാണ് കരുതപ്പെടുന്നത്.

 1948 ഏപ്രിൽ ഏഴിനാണ് ലോകാരോഗ്യ സംഘടന പ്രവർത്തനം ആരംഭിക്കുന്നത്. ആ വർഷം മുതൽ തന്നെ സംഘടനയിൽ അമേരിക്കയ്ക്ക് അംഗത്വം ലഭിച്ചിരുന്നു.