ഉരുളക്കിഴങ്ങ് നമ്മുടെ ആരോഗ്യത്തേയും സൗന്ദര്യത്തേയും ഒരുപ്പോലെ സംരക്ഷിക്കുന്നു. അത് പോലെ തന്നെ ഫ്രഷ് ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ നല്ലത്. എന്നാൽ ഭക്ഷണ സാധനങ്ങൾ ഫ്രഷായി വെയ്ക്കാൻ നമുക്ക് പലപ്പോഴും സാധിക്കാറില്ല. ഉരുളക്കിഴങ്ങിന്റെ അവസ്ഥയും ഇത് തന്നെയാണ്.
എപ്പോഴും വാങ്ങിച്ച് രണ്ട് ദിവസം കഴിയുമ്പോഴേക്കും ഉരുളക്കിഴങ്ങ് മുളച്ച് തുടങ്ങുന്നു, ചിലത് വാടിത്തുടങ്ങുന്നു, ചിലത് ചീഞ്ഞ് തുടങ്ങുന്നു. എന്നാൽ ഇനി ഈ പ്രശ്നത്തെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പരിഹരിക്കാവുന്നതാണ്. അതിനായി ശ്രദ്ധിക്കേണ്ട ചില പൊടിക്കൈകൾ എന്തൊക്കെയെന്ന് നോക്കാം.
ഉരുളക്കിഴങ്ങ് വാങ്ങിക്കുമ്പോൾ നല്ലത് പോലെ മണ്ണ് പുരണ്ട ഉരുളക്കിഴങ്ങ് നോക്കി വാങ്ങിക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ അത് പെട്ടെന്ന് ചീത്തയാവുന്നു.
ഉരുളക്കിഴങ്ങ് കാർഡ്ബോർഡ് ബോക്സിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കുക. ഇത് കൂടുതൽ കാലം കേടാകാതിരിക്കാൻ സഹായിക്കുന്നു. മാത്രമല്ല മണ്ണോട് കൂടി തന്നെ ഉരുളക്കിഴങ്ങ് കാർഡ്ബോർഡ് ബോക്സിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ അത് പെട്ടെന്ന് തന്നെ ചീത്തയാവുന്നതിനും മുളയ്ക്കുന്നതിനും കാരണമാകുന്നു.
തണുപ്പും നല്ല ഇരുട്ടുമുള്ള സ്ഥലത്ത് ഉരുളക്കിഴങ്ങ് സൂക്ഷിക്കാൻ ശ്രദ്ധിക്കുക. ഇത് ഉരുളക്കിഴങ്ങ് മുളയ്ക്കാതിരിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇരുട്ടത്ത് സൂക്ഷിക്കുന്നതിലൂടെ ഇത് ചുളിഞ്ഞ് ചീത്തയാവാതിരിക്കാനും സഹായിക്കുന്നു.
ഒരിക്കലും ഉരുളക്കിഴങ്ങ് വാങ്ങിച്ച ഉടനെ കഴുകരുത്. ഇത് പലപ്പോഴും ഉരുളക്കിഴങ്ങ് ചീഞ്ഞ് പോവുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ മുറിച്ച് കഴിഞ്ഞ ശേഷം മാത്രമേ ഉരുളക്കിഴങ്ങ് കഴുകാൻ പാടുകയുള്ളൂ. ഇനി അഥവാ കഴുകിയാലും നല്ലതു പോലെ വെള്ളം പോയതിനു ശേഷം മാത്രമേ സൂക്ഷിച്ച്വയ്ക്കാവൂ.
ഒരിക്കലും മറ്റുള്ള പച്ചക്കറികളുടെ കൂടെ ഉരുളക്കിഴങ്ങ് സൂക്ഷിക്കാൻ പാടില്ല. കാരണം ഇത്തരം പച്ചക്കറികളുടെ കൂടെ കൂടുമ്പോൾ അത് ഉരുളക്കിഴങ്ങിനെ പെട്ടെന്ന് ചീത്തയാക്കുന്നു.
ഒരു കാരണവശാലും ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. ഇത് ഉരുളക്കിഴങ്ങ് കട്ടിയുള്ളതാവുന്നതിനും വേവുന്നതിന് വളരെയധികം പ്രയാസം നേരിടുന്നതിനും കാരണമാകുന്നു. മാത്രമല്ല ഇത് ഉരുളക്കിഴങ്ങിന്റെ സ്വാദും ഇല്ലാതാക്കുന്നു.
പ്ലാസ്റ്റിക് ബാഗിൽ കാറ്റ് കടക്കാത്ത രീതിയിൽ ഉരുളക്കിഴങ്ങ് സൂക്ഷിക്കാം.