ആലപ്പുഴ: ആലപ്പുഴയിൽ കൊവിഡ് ബാധിച്ച് മരിച്ച ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോസ് ജോയിയുടെ സംസ്കാരം നീളുന്നു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കാരം നടത്താനാവാത്തതാണ് പ്രശ്നമായത്. സെമിത്തേരിയിൽ വെള്ളക്കെട്ടുകാരണം അഞ്ചടിയിലേറെ താഴ്ചയിൽ കുഴിയെടുക്കാനാവില്ല. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം പന്ത്രണ്ടടി താഴ്ചയിലാണ് കുഴിയെടുക്കേണ്ടത്. പഞ്ചായത്ത് പരിധിയിൽ ഇത്രയും ആഴത്തിൽ സംസ്കരിക്കാൻ ഇടമില്ലെന്ന് പഞ്ചായത്ത് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. എന്നാൽ മറ്റൊരിടത്ത് സംസ്കാരം നടത്താൻ തീരുമാനിച്ചതായി സജി ചെറിയാൻ എം.എൽ.എ അറിയിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചയോടെ ചികിത്സയിലിരിക്കെയാണ് ജോസ് ജോയി മരിച്ചത്. രാത്രിയോടെ സ്രവപരിശോധനാഫലം ലഭിച്ചപ്പോഴാണ് ഇദ്ദേഹത്തിന് കൊവിഡാണെന്ന് വ്യക്തമായത്. അബുദാബിയിൽ നിന്ന് 11 ന് നാട്ടിലെത്തിയ ജോസ് കൊവിഡ് കെയർസെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇയാൾക്കു കരൾ രോഗവും ഉണ്ടായിരുന്നു. ഇതോടെ കൊവിഡ് മൂലം സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ഒമ്പതായി.